Rationalists Group Led by Respected Prof. Ravichandran C invited Sakshi Apologetics Network for a debate. After discussions, Sakshi Apologetics Network agreed to debate Respected Prof. Ravichandran on two sided topics. However, Rationalists Group backed out from debate citing totally laughable reasons such as (a) Sakshi Apologetics Network offered to bear 50% of the expense of the debate program (is that a crime?) (b) Sakshi Apologetics Network paraphrased the topic in the letter (while it was exactly the same in the agreement draft enclosed with the letter) and (c) Sakshi had put Sakshi debater as the person who argues for Creation and Rationalist debater Respected Prof. Ravichandran C as the person who argues for evolution (!!!). While all these reasons are bizarre and mere excuses to evade from debate, when rationalists group (or irrational group?) cited these reasons to back out from debate, Sakshi immediately amended the letter for the sake of debate and resend it especially with the unconditional apology for offering to bear 50% of the expense!!! Rationalists have not responded despite a reminder. Therefore, here we publish the correspondence to let know the truth to all especially those who are followers of Respected Prof. Ravichandran C.

…………………………………………………………..

2017 മെയ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിന്‍റെ ശ്രീ. ജെയിംസ് വര്‍ഗ്ഗീസും യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ ശ്രീ.സി.രവിചന്ദ്രനും തമ്മില്‍ എറണാകുളത്ത് വെച്ച് സൃഷ്ടിവാദത്തിനേയും പരിണാമ സിദ്ധാന്തത്തിനെയും കുറിച്ച് ഒരു സംവാദം നടത്തണമെന്ന ലക്ഷ്യത്തോടെ സാക്ഷിയും യുക്തിവാദ പഠനകേന്ദ്രവും തമ്മില്‍ നടത്തിയ കത്തിടപാടുകളാണ് താഴെ പ്രസിദ്ധീകരിക്കുന്നത്:

BABU GS IMPRESSIVECOCHIN@GMAIL.COM MAR 22
to me

ശ്രീ. ഫിന്നി.റ്റി.വര്‍ഗ്ഗീസ് (സാക്ഷി അപ്പോളജിസ്റ്റ്)

സര്‍,
എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുക്തിവാദ പഠന കേന്ദ്രവും സാക്ഷി അപ്പോളജിസ്റ്റ്സും തമ്മില്‍ ഒരു സംവാദം സംഘടിപ്പിക്കണമെന്ന് എറണാകുളത്തുള്ള സാക്ഷിയുടെ പ്രവര്‍ത്തകന്‍ ശ്രീ.കോശി ഐസക് താല്പര്യപ്പെട്ടിരുന്നു. അതുപ്രകാരം യുക്തിവാദ പഠന കേന്ദ്രത്തിന്‍റെ 5-ം വാര്‍ഷികമായ ചാര്‍വ്വാകം 2017-ല്‍ വെച്ച് സംവാദം സംഘടിപ്പിക്കാമെന്ന് ശ്രീ.കോശിയെ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താങ്കളുമായി ബന്ധപ്പെടുവാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. അതിന്‍ പ്രകാരമാണ് ഈമെയില്‍ അയയ്ക്കുന്നത്. സംവാദ രീതിയും സമയ ക്രമവും ചുവടെ ചേര്‍ക്കുന്നു. മോഡറേറ്ററെ പിന്നീട് തീരുമാനിക്കും. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ പരസ്പരം ആലോചിച്ച് മാറ്റം വരുത്താവുന്നതാണ്.

2017 മെയ് 21, ഉച്ചകഴിഞ്ഞ് 2.30 ന്
സ്ഥലം- എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാള്‍
സംവാദ റൗണ്ടുകള്‍-6
സംവാദ സമയം-3 മണിക്കൂര്‍

വിഷയം- ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ?

Is Christian Creationism Scientific

സംവാദകര്‍
രവിചന്ദ്രന്‍ സി (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം) Vs ജെയിംസ് വര്‍ഗ്ഗീസ് (സാക്ഷി അപ്പോളജിസ്റ്റ് കേരള)

മോഡറേറ്റര്‍ …………………………..
പ്രാരംഭത്തില്‍ ഇരുവര്‍ക്കും സ്വന്തം ഭാഗം ഉന്നയിക്കാന്‍ 20 മിനിട്ട് ലഭിക്കും (20 X 2 = 40 Mnts)
ശേഷം വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡനങ്ങള്‍ക്കുമായി 10 മിനിട്ട് വീതമുള്ള 4 റൗണ്ടുകള്‍ (40 x 2 = 80 Mnts)

25 മിനിട്ട് നീളുന്ന പ്രേക്ഷകരുമായുള്ള ആശയ വിനിമയമാണ്‌ മൂന്നാമത്തെ റൗണ്ടില്‍. പ്രേക്ഷകര്‍ എഴുതി സമര്‍പ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് സംവാദകര്‍ മറുപടി പറയണം. ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ശേഷം സമയം ബാക്കിയുണ്ടെങ്കില്‍ സ്വന്തം വാദങ്ങള്‍ സ്ഥിരീകരിക്കാനായി ഉപയോഗിക്കാം.

ഈ റൗണ്ട് ഓരോരുത്തര്‍ക്കും 15+10 എന്ന രീതിയില്‍ വിഭജിച്ചു നല്‍കുന്നതാണ്. അതായത് ആദ്യം 15 മിനിട്ട് ഉത്തരങ്ങള്‍ പറയുക, ശേഷം എതിര്‍ സംവാദകന്‍ തന്‍റെ ആദ്യത്തെ 15 മിനിട്ട് ഉപയോഗിച്ച ശേഷം ബാക്കിയുള്ള സമയം (10 മിനിട്ട്) ഉപയോഗിക്കുക. (25 x 2 = 50 Mnts)
അവസാന റൗണ്ടില്‍ സംഗ്രഹം നടത്താന്‍ ഇരു സംവാദകര്‍ക്കും 5 മിനിട്ട് വീതം ലഭിക്കും. (2 x 5 =10 Mnts)
(20+10+10+10+10+15+10+5)x 2 = Total 180 Mnts, 90 Mnts to each

ആദ്യം വിഷയാവതരണം നടത്താന്‍ സംവാദകര്‍ക്ക് സ്വയം മുന്നോട്ടു വരാം. തര്‍ക്കമുണ്ടെങ്കില്‍ ടോസ് ഇട്ടു തീരുമാനിക്കും. സംവാദം തുടങ്ങി വെക്കുന്ന ആള്‍ക്ക് പ്രേക്ഷകരുമായുള്ള ആശയ വിനിമയ റൗണ്ടിലും സംഗ്രഹ റൗണ്ടിലും രണ്ടാമത്തെ ഊഴമായിരിക്കും ലഭിക്കുക. സംഗ്രഹഭാഗത്ത് ഉന്നയിക്കാത്ത പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ ഇരു കൂട്ടര്‍ക്കും അവകാശമുണ്ടായിരിക്കില്ല.

സമയദൈര്‍ഘ്യം, ഘടനാപരമായ ഉള്ളടക്കം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ മോഡറേറ്ററില്‍ നിക്ഷിപ്തമായിരിക്കും. അതേസമയം സംവാദവിഷയം സംബന്ധിയായി വിധി നിര്‍ണ്ണയം നടത്തുന്ന രീതിയിലുള്ള പ്രസ്താവനകളോ പക്ഷാപാതപരമായ പ്രഖ്യാപനങ്ങളോ നടത്താന്‍ മോഡറേറ്റര്‍ക്ക് അനുവാദമില്ല.

എന്ന്
ബാബു ജി.എസ്.
യുക്തിവാദ പഠന കേന്ദ്രം
9446541580
8281186824

ഇതിനോടുള്ള സാക്ഷിയുടെ പ്രതികരണം:

Finny Varghese finnytvarghese@gmail.com Apr 1
to Babu

ശ്രീ. ബാബു ജി.എസ് (യുക്തിവാദ പഠനകേന്ദ്രം)

സര്‍,
താങ്കള്‍ അയച്ച ഈമെയില്‍ ലഭിച്ചു. അതില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ താത്പര്യപ്പെടുന്നു.

വിഷയം – സൃഷ്ടിയും പരിണാമവും ശാസ്ത്രിയ വീക്ഷണത്തില്‍ ROUND 1 -പ്രാരംഭ അവതരണത്തിന് 2 വിഷയം ഉള്ളതുകൊണ്ട് 30 മിനിട്ട് വീതം ( 30 x 2 = 60 mts)
ROUND 2 – ശേഷം വാദപ്രതിവാദങ്ങള്‍ക്കും ഖണ്ന്ധനത്തിനും 10 മിനിട്ട് വീതം (20 x 2 = 40 mts) ROUND 3 – ചോദ്യം മാറി മാറി ഓരോരുത്തരോടും 3 മിനിട്ട് വീതം( 30 x 2 =60 mts)
ROUND 4 – സംഗ്രഹം 10 മിനിട്ട് വീതം ( 10 x 2 = 20 mts)

• ചോദ്യോത്തരവേളയില്‍ ഓരോ ഭാഗത്തുനിന്നും 3 പേരടങ്ങിയ പാനല്‍ ഉത്തരം പറയാവുന്നതാണ്.
• അവതരണത്തിനും മറ്റും P.P.T. ഉപയോഗിക്കാവുന്നതാണ്
60 + 40 + 60 + 20 = 180 mts.
Timing corrected Finny Varghese
SAN
9895557277
9447578930

ഇതിനു യുക്തിവാദ പഠനകേന്ദ്രം നല്‍കിയ മറുപടി:

Babu Gs impressivecochin@gmail.com Apr 3
to me

ശ്രീ. ഫിന്നി വര്‍ഗ്ഗീസ്.

സംവാദ രീതിയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള മെയില്‍ കിട്ടി. അത് യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും സംവാദകനായ ശ്രീ.രവിചന്ദ്രനുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. സംവാദങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ ഒരു സമയക്രമ രീതിയാണ് ഞങ്ങള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്‌.

പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ സംവാദത്തില്‍ ആരും തന്നെ ഉപയോഗിക്കേണ്ടതില്ല.

ചോദ്യോത്തരം: ഓരോ സംവാദകരോടും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവരവര്‍ തന്നെ മറുപടി കൊടുക്കണം. ഇവിടെ ഒരു പാനലിന്‍റെ ആവശ്യമില്ല.

സൃഷ്ടിയും പരിണാമവും എന്ന രണ്ട് വിഷയം ഒരു സംവാദത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.
ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്ന ടൈറ്റിലില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്ന് ആക്കാം
സംവാദത്തിന്‍റെ മറ്റു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാല്‍ എത്രയും പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു.

എന്ന്,
ബാബു ജി.എസ്.
യുക്തിവാദ പഠന കേന്ദ്രം
9446541580
8281186824

(വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം ഈ കത്തിന് മറുപടി അയക്കുവാന്‍ അല്പം താമസം നേരിട്ടു. ഇതിനുള്ള മറുപടി തയ്യാറാക്കി കൊണ്ടിരിക്കുമ്പോള്‍ തന്നെ യുക്തിവാദ പഠനകേന്ദ്രത്തില്‍ നിന്നും ഒരു മെയില്‍ കൂടി വന്നു (അവരുടെ മൂന്നാമത്തെ കത്ത്). അത് താഴെ കൊടുക്കുന്നു.):

Babu Gs impressivecochin@gmail.com Apr 12
to me

ശ്രീ. ഫിന്നി. റ്റി. വര്‍ഗ്ഗീസ്

സര്‍,
യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ശ്രീ. ജെയിംസ് വര്‍ഗ്ഗീസും (സാക്ഷി അപ്പോളജിസ്റ്റിസ് നെറ്റ്‌വര്‍ക്ക്) ശ്രീ. സി. രവിചന്ദ്രനും തമ്മില്‍ 2017 മെയ് 21-ം തിയതി ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്ന വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുവാന്‍ ധാരണയായിരുന്നു. അതനുസരിച്ച് സംവാദത്തിന്‍റെ നിബന്ധനകളും സമയ ക്രമീകരണങ്ങളും കാണിച്ചു കൊണ്ടുള്ള കത്ത് താങ്കള്‍ക്ക് ഈമെയിലായി അയച്ചു തന്നിരുന്നു. അതില്‍ പറയുന്ന ചില കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് താങ്കള്‍ നിര്‍ദ്ദേശം വെച്ചിരുന്നു. അതിന് മറുപടിയായി ഞാന്‍ അയച്ച ഈ മെയില്‍ സന്ദേശത്തില്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ആരും തന്നെ ഉപയോഗിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നല്ലോ? തുടര്‍ന്ന് നമ്മള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സംവാദ വിഷയം “സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന് മാറ്റം വരുത്തിയിരുന്നു. ഇതു താങ്കളും അംഗീകരിച്ചതാണല്ലോ?

ഈ സംവാദം പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍ ഇല്ലാതെ നേര്‍ക്കുനേര്‍ സംവാദമാണ് യുക്തിവാദ പഠനകേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഫോണ്‍ സംഭാഷണത്തിലും ഇത് ആവര്‍ത്തിച്ചിരുന്നു.
യുക്തിവാദ പഠനകേന്ദ്രം 2017 മെയ് 21-ന് നടത്താന്‍ ഉദ്ദേശിക്കുന്ന സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിനു ബദലോ? എന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ ശ്രീ. ജെയിംസ് വര്‍ഗ്ഗീസിന് കഴിയുന്നില്ലെങ്കില്‍ ഈ സംവാദത്തില്‍ നിന്നും സാക്ഷി അപ്പോളജിസ്റ്റിസ് നെറ്റ് വര്‍ക്ക് പിന്മാറിയതായി യുക്തിവാദ പഠന കേന്ദ്രം കരുതുന്നതായിരിക്കും.
എന്ന്,
ബാബു ജി.എസ്.
യുക്തിവാദ പഠന കേന്ദ്രം
9446541580
8281186824

യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ രണ്ടാം കത്തിന് സാക്ഷി നല്‍കിയ മറുപടി:

Finny Varghese finnytvarghese@gmail.com Apr 13
to Babu
To,
ശ്രീ. ബാബു ജി.എസ്.
യുക്തിവാദ പഠനകേന്ദ്രം
സര്‍,

സംവാദ കരാറിനെ സംബന്ധിച്ച് നമ്മള്‍ നടത്തിയ കത്തിടപാടുകളിലെ രണ്ടാമത്തെ മറുപടി കണ്ടു. തികച്ചും ഏകപക്ഷീയമായ രീതിയിലുള്ള സംവാദം നമുക്കിരുകൂട്ടര്‍ക്കും ഗുണകരമാകില്ല എന്നറിയാമല്ലോ. ആകയാല്‍ ഈ സംവാദവുമായി മുന്നോട്ടു പോകാന്‍ യുക്തിവാദ പഠനകേന്ദ്രത്തിനു തീരെ താല്പര്യമില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. മറ്റു പല അപാകതകളും ആദ്യത്തെ എഴുത്തില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും അതൊന്നും ചൂണ്ടിക്കാണിക്കാതെ ഈ സംവാദം നടക്കണമെന്ന് ഞങ്ങള്‍ക്ക് വളരെയേറെ താല്‍പര്യമുള്ളതുകൊണ്ട് സംവാദം സുഗമമായി നടക്കുന്നതിനു അവശ്യം അനിവാര്യമായ കാര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ മുന്നോട്ടു വെക്കുന്നത്.

ഒന്ന്, വിഷയാവതരണത്തിന് മിനിമം 30 മിനുട്ട് എന്നുള്ളത് മാറ്റുവാന്‍ നിര്‍വ്വാഹമില്ല.
രണ്ട്, ഏകപക്ഷീയമായ ഒരു തലക്കെട്ടില്‍ സംവാദം നടത്തുന്നത് സാക്ഷിയുടെ രീതിയല്ല. ‘സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?’ എന്ന വിഷയത്തിലാണ് സംവാദം നടക്കേണ്ടത് എന്ന് ആരംഭം മുതലേ ഞങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന കാര്യമാണ്. സമയക്കുറവാണ് പ്രശ്നമെങ്കില്‍, മറ്റൊരു തിയ്യതി നിശ്ചയിച്ച് നമുക്ക് ഒന്നോ രണ്ടോ ദിവസം നീണ്ടു നില്‍ക്കുന്ന സംവാദം നടത്താവുന്നതാണ്. ഇനി, അതിനും തയ്യാറല്ല, ഏകപക്ഷീയമായി ഒറ്റ വിഷയത്തില്‍ മാത്രമേ യുക്തിവാദ പഠനകേന്ദ്രം സംവാദം നടത്താന്‍ വരൂ എന്നാണെങ്കില്‍ ആ വിഷയം സാക്ഷി നിങ്ങളുടെ മുന്‍പാകെ വെക്കുന്നു: ‘പരിണാമ സിദ്ധാന്തത്തിന്‍റെ ശാസ്ത്രവിരുദ്ധത’ എന്നതാകട്ടെ വിഷയം.
മൂന്ന്, പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ വേണ്ട എന്ന് നിങ്ങള്‍ വീണ്ടും വീണ്ടും നിര്‍ബന്ധം പിടിച്ചു കൊണ്ടിരിക്കുന്നത് ഞങ്ങളില്‍ ആശ്ചര്യം ഉളവാക്കിയിരിക്കുന്നു എന്ന് തുറന്നു പറയട്ടെ.

കേരളത്തിലെ സാധാരണക്കാരായ ആളുകള്‍ പരിണാമ സിദ്ധാന്തത്തിനെക്കുറിച്ചും സൃഷ്ടിവാദത്തെക്കുറിച്ചും ആഴമായ അറിവ് നേടിയിട്ടുള്ളവരല്ല. അതുകൊണ്ടുതന്നെ, സംവാദം വീക്ഷിക്കുന്നവര്‍ക്ക് ഇരുപക്ഷത്തിന്‍റെയും വാദങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഉതകും എന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും അവകാശമില്ല. അറിയാനും അറിയിക്കാനും വേണ്ടി നടത്തുന്ന ഈ സംവാദത്തില്‍, സംവാദകന്‍റെ ആശയം ഏറ്റവും ലളിതമായി കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന ഒരു ശാസ്ത്രീയ സംവിധാനത്തിനെ നിങ്ങള്‍ എതിര്‍ക്കുന്നത് നിങ്ങള്‍ക്ക് തന്നെ വിചിത്രമായി തോന്നുന്നില്ലേ? ‘രവിചന്ദ്രന്‍ മാഷ്‌ സംവാദത്തില്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഉപയോഗിക്കാറില്ല’ എന്ന ന്യായമാണ് നമ്മള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞത്. അതിന്‍റെ യുക്തി എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ട്. ശാസ്ത്രത്തിന്‍റെ പ്രചാരകര്‍ എന്ന് പറഞ്ഞു നടക്കുന്ന യുക്തിവാദ പഠനകേന്ദ്രം എന്തുകൊണ്ടാണ് തങ്ങളുടെ സംവാദത്തില്‍ ശാസ്ത്രത്തിന്‍റെ സംഭാവനകളെ ഉപയോഗപ്പെടുത്തി സംവാദത്തെ ഏറ്റവും മേന്മയേറിയതാക്കാന്‍ വിമുഖത കാണിക്കുന്നത്?

ആകയാല്‍ ഈ പ്രോഗ്രാമുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന പക്ഷം ഈ മൂന്നു വിഷയത്തിലും ഒരു വിട്ടു വീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു.

ചോദ്യോത്തര സെഷന്‍ പാനല്‍ ആയി നടത്താം എന്ന് ഞങ്ങള്‍ നിര്‍ദ്ദേശിച്ചത് ഈ സംവാദത്തിനെ ജയിക്കാനോ തോല്‍പ്പിക്കാനോ ഉള്ള ഒന്നായിട്ടല്ല, അറിയാനും അറിയിക്കാനും വേണ്ടിയുള്ള ഒന്നായിട്ടാണ് ഞങ്ങള്‍ കാണുന്നത് എന്നുള്ളത് കൊണ്ടാണ്. സാക്ഷി ഒരു ന്യായവാദ സംഘടനയായത് കൊണ്ട്, സൃഷ്ടിവാദത്തെയും പരിണാമവാദത്തെയും കുറിച്ച് പഠിച്ചിട്ടുള്ള ധാരാളം പേര്‍ സാക്ഷിയിലുണ്ട്. യുക്തിവാദ പഠന കേന്ദ്രത്തിലും ഈ രണ്ടു വിഷയങ്ങളില്‍ അവഗാഹമുള്ള ഒന്നിലധികം പേര്‍ കാണും എന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചു പോയി. ചോദ്യോത്തര സെഷന്‍ ഒരു പാനല്‍ ആയി നടത്തുകയാണെങ്കില്‍ ഇരുപക്ഷത്തുനിന്നുമുള്ള ഈ വിഷയത്തിലെ പണ്ഡിതന്മാരുടെ അറിവുകള്‍ സംവാദം വീക്ഷിക്കുന്നവര്‍ക്ക് ലഭിക്കുമല്ലോ എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് അങ്ങനെയൊരു നിര്‍ദ്ദേശം ഞങ്ങള്‍ മുന്നോട്ടു വെച്ചത്. ഈ രണ്ടു വിഷയങ്ങളില്‍ അറിവുള്ള ഒരാള്‍ മാത്രമേ യുക്തിവാദ പഠനകേന്ദ്രത്തില്‍ ഉള്ളൂ എന്ന കാര്യം നിങ്ങളുടെ മറുപടി കിട്ടിയപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.
എന്ന്, സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിന് വേണ്ടി,

ഫിന്നി വര്‍ഗ്ഗീസ്. 9895557277

യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ മൂന്നാം കത്തിനുള്ള സാക്ഷിയുടെ മറുപടി:
Finny Varghese finnytvarghese@gmail.com Apr 17
to Babu,

To,
ശ്രീ. ബാബു. ജി.എസ്.
യുക്തിവാദ പഠനകേന്ദ്രം

സര്‍, 2017 ഏപ്രില്‍ രണ്ടാം തിയ്യതി ഞങ്ങള്‍ നിങ്ങള്‍ക്കയച്ച കത്തിനുള്ള മറുപടി ഏപ്രില്‍ 12-നു നിങ്ങളില്‍നിന്നും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഒട്ടേറെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടുള്ള ആ മറുപടിക്കത്തിനോടുള്ള ശക്തമായ വിയോജിപ്പ്‌ ആദ്യം തന്നെ രേഖപ്പെടുത്തുന്നു. ക്രിസ്ത്യന്‍ ന്യായവാദ സംഘടനയായ സാക്ഷി അപ്പോളജെറ്റിക്സ്‌ (അപ്പോളജെറ്റിക്സ്‌ എന്നാണ് എഴുതേണ്ടത്, യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ കത്തുകളില്‍ എല്ലാം തന്നെ അപ്പോളജിസ്റ്റിസ് എന്ന്‍ തെറ്റായാണ് എഴുതിയിരിക്കുന്നത്. അടുത്ത പ്രാവശ്യമെങ്കിലും ശരിയായ വിധത്തില്‍ എഴുതും എന്ന് പ്രതീക്ഷിക്കുന്നു.) നെറ്റ്‌വര്‍ക്ക് ഈ സംവാദത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ കരുതും എന്ന് നിങ്ങള്‍ പറഞ്ഞിരിക്കുന്നു. സാക്ഷി ഇന്നുവരെ സംവാദത്തില്‍ നിന്നും ഒളിച്ചോടിയ ചരിത്രം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു ആരോപണം നിങ്ങള്‍ ഉന്നയിച്ച സ്ഥിതിക്ക് വിശദമായ ഒരു മറുപടി നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം, സംവാദം നടന്നാലും ഇല്ലെങ്കിലും ഈ കത്തിടപാടുകള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രസിദ്ധീകരിക്കും. ആരാണ് സംവാദത്തില്‍ നിന്നും ഒഴിയാന്‍ ശ്രമിക്കുന്നത് എന്ന കാര്യം നിഷ്പക്ഷ മനസ്സോടെ വായിക്കുന്ന ഒരാള്‍ക്ക് പിടികിട്ടണമെങ്കില്‍ വിശദമായി എഴുതിയാലേ ശരിയാകുകയുള്ളൂ എന്ന് സാക്ഷി വിചാരിക്കുന്നു. അതുകൊണ്ടാണ് ഇത്ര വിശദമായ ഒരു പ്രതികരണം ഞങ്ങള്‍ നല്‍കുന്നത്.

താങ്കളുടെ കത്തില്‍ താങ്കള്‍ എഴുതിയിരിക്കുന്നു:
“യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ശ്രീ.ജെയിംസ് വര്‍ഗ്ഗീസും (സാക്ഷി അപ്പോളജിസ്റ്റിസ് നെറ്റ്‌വര്‍ക്ക്) ശ്രീ. സി.രവിചന്ദ്രനും തമ്മില്‍ 2017 മെയ് 21-ം തിയ്യതി ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്ന വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുവാന്‍ ധാരണയായിരുന്നു.”
താങ്കള്‍ എഴുതിയിരിക്കുന്നത് സത്യവുമായി എന്തെങ്കിലും ബന്ധമുള്ള കാര്യമാണോ? നമ്മള്‍ തമ്മില്‍ എന്നാണ് ഇങ്ങനെയൊരു വിഷയത്തില്‍ സംവാദം സംഘടിപ്പിക്കാമെന്നു ധാരണയായത്?

സ്ഥാപിക്കപ്പെട്ട കാലം മുതലേ സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് സംവാദത്തിന്‍റെ കാര്യത്തില്‍ അനുവര്‍ത്തിച്ചു പോരുന്ന ഒരു നയമുണ്ട്. ഒറ്റ വിഷയത്തില്‍ മാത്രം സാക്ഷി സംവാദം നടത്തില്ല എന്നുള്ളതാണ് ആ നയം. ഇരു പക്ഷത്തു നിന്നും തത്തുല്യമായ ഓരോ വിഷയങ്ങള്‍ എടുത്തുകൊണ്ട് സംവാദം നടത്തിയാല്‍ മാത്രമേ കാര്യങ്ങളുടെ ശരിയായ ചിത്രം സത്യാന്വേഷികള്‍ക്ക് ലഭിക്കുകയുള്ളൂ എന്നതുകൊണ്ടാണ് ഇങ്ങനെയൊരു നയം സാക്ഷി മുറുകെ പിടിക്കുന്നത്. അതുകൊണ്ടുതന്നെ, സൃഷ്ടിവാദത്തെയും പരിണാമ സിദ്ധാന്തത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംവാദം നടത്തണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരിണാമ സിദ്ധാന്തത്തിനെ കുറിച്ച് സംവദിക്കാന്‍ ധൈര്യമില്ലാത്ത യുക്തിവാദ പഠന കേന്ദ്രം സംവാദം സൃഷ്ടിവാദത്തില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ആരംഭം മുതലേ ശ്രമിച്ചു പോരുന്നു. ഞങ്ങള്‍ അതിന് ഇത് വരെ സമ്മതിച്ചിട്ടില്ല, ഇനിയൊട്ടു സമ്മതിക്കാനും പോകുന്നില്ല.

മാത്രമല്ല, “ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ?” എന്ന വിഷയത്തില്‍ പരിണാമവാദികളുമായി സംവാദം നടത്തേണ്ട ആവശ്യം സാക്ഷിക്കില്ല. അങ്ങനെയുള്ള സംവാദം ഞങ്ങള്‍ മറ്റു സൃഷ്ടിവാദികളുമായി നടത്തിക്കൊള്ളാം. എന്നുവെച്ചാല്‍, ഈ ലോകത്തിലെ നിരീശ്വരമതങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള എല്ലാ മതങ്ങളും അവരുടേതായ ഒരു സൃഷ്ടിവാദം മുന്നോട്ടു വെക്കുന്നുണ്ട്. ഹിന്ദുയിസത്തിന് ഒരു സൃഷ്ടിവാദമുണ്ട്, ഇസ്ലാമിന് ഒരു സൃഷ്ടിവാദമുണ്ട്, സൊരാഷ്ട്രിയര്‍ക്ക് ഒരു സൃഷ്ടിവാദമുണ്ട്. ഇങ്ങനെ ലോകത്ത് അനേകമായ സൃഷ്ടിവാദങ്ങളുണ്ട്. ഇതില്‍, ക്രൈസ്തവര്‍ വിശ്വസിക്കുന്ന സൃഷ്ടിവാദം എന്തുകൊണ്ട് യുക്തിക്ക് നിരക്കുന്നതായിരിക്കുന്നു, ക്രൈസ്തവ സൃഷ്ടിവാദം എന്തുകൊണ്ട് അംഗീകരിക്കപ്പെട്ട ശാസ്ത്രവസ്തുതകളുമായി പൊരുത്തപ്പെട്ടു പോകുന്നു, എന്തുകൊണ്ട് അത് മറ്റെല്ലാ സൃഷ്ടിവാദങ്ങളേക്കാളും മേലെ നില്‍ക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ മറ്റു സൃഷ്ടിവാദികളുമായി സംവാദം നടത്തിക്കൊള്ളാം.
പക്ഷേ സൃഷ്ടിവാദമേ അംഗീകരിക്കാത്ത, പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും യാദൃശ്ചികമായി ഉണ്ടായതാണെന്നും ആകസ്മികമായി ഉണ്ടായ ഒരു ജീവന്‍റെ കണികയില്‍ നിന്നും പരിണമിച്ചാണ് ഇന്ന് കാണുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങളും ഉണ്ടായത് എന്ന് വിശ്വസിക്കുന്ന പരിണാമവാദികളുമായി സംവാദത്തില്‍ ഏര്‍പ്പെടേണ്ടി വരുമ്പോള്‍, ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും യാദൃശ്ചികമായി സ്വയമേവ രൂപം കൊണ്ട് പരിണമിച്ചു വികസിച്ചു വന്നതല്ല, മറിച്ച്, അതീവ ബുദ്ധിശക്തിയുള്ള ഒരു രൂപകല്‍പനാ വിദഗ്ദനാല്‍ രൂപം കൊണ്ടതാണ് ഇതെല്ലാം എന്നുള്ള കാര്യത്തിനാണ് ഞങ്ങള്‍ ഊന്നല്‍ കൊടുക്കുക. പരിണാമ സിദ്ധാന്തം തെറ്റാണെന്നും സൃഷ്ടിവാദമാണ് ശരിയെന്നും പരിണാമവാദികള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടമായി അനേകമായ സൃഷ്ടിവാദങ്ങളില്‍, ചിന്തിക്കുന്ന മനുഷ്യന് അംഗീകരിക്കാന്‍ കഴിയുന്നത് ക്രൈസ്തവ സൃഷ്ടിവാദമാണ് എന്ന വിഷയത്തില്‍ ഞങ്ങള്‍ സംവാദം നടത്താന്‍ തയ്യാറാകും. പക്ഷെ സൃഷ്ടിവാദം അംഗീകരിക്കാത്ത കൂട്ടരോട് ഞങ്ങള്‍ സംവാദം നടത്തുക ‘ക്രൈസ്തവ’ സൃഷ്ടിവാദത്തെ കുറിച്ചല്ല, സൃഷ്ടിവാദത്തെക്കുറിച്ച് മാത്രമാണ്. അതുകൊണ്ടുതന്നെ, “ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ?” എന്ന വിഷയത്തില്‍ യുക്തിവാദ പഠന കേന്ദ്രവുമായി സംവാദം നടത്തുവാന്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ധാരണയിലെത്തി എന്നുള്ള നിങ്ങളുടെ കത്തിലെ പരാമര്‍ശം തികച്ചും വ്യാജമാണ് എന്നറിയിക്കുന്നു.

ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതും ശാസ്ത്രത്തിലെ പ്രധാനപ്പെട്ട പല നിയമങ്ങള്‍ക്കും എതിരുമായ ഒന്നാണ് പരിണാമ സിദ്ധാന്തം എന്നുള്ളത് കൊണ്ടായിരിക്കാം “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?” എന്ന വിഷയത്തില്‍ സാക്ഷിയുമായി ഒരു സംവാദം നടത്താന്‍ യുക്തിവാദ പഠന കേന്ദ്രം ഭയപ്പെടുന്നത് എന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അതുകൊണ്ട് ഈ ടൈറ്റിലില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ് എന്നറിയിക്കുന്നു. “ശാസ്ത്രീയം” എന്നതിന് പകരം, “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ, ഏതാണ് യുക്തിസഹമായിട്ടുള്ളത്?” എന്ന് ടൈറ്റിലില്‍ ഭേദഗതി വരുത്തുവാന്‍ ഞങ്ങള്‍ സന്നദ്ധരാണ് എന്നറിയിക്കുന്നു. എന്തെന്നാല്‍, ഈ സംവാദം എങ്ങനെയും നടക്കണം എന്നുള്ള ആഗ്രഹം ഞങ്ങള്‍ക്കുണ്ട്‌. അതിനു വേണ്ടി ഇങ്ങനെയുള്ള വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമാണ്.

പിന്നെ താങ്കള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“അതനുസരിച്ച് സംവാദത്തിന്‍റെ നിബന്ധനകളും സമയ ക്രമീകരണങ്ങളും കാണിച്ചുകൊണ്ടുള്ള കത്ത് താങ്കള്‍ക്ക് ഈമെയിലായി അയച്ചു തന്നിരുന്നു. അതില്‍ പറയുന്ന ചില കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് താങ്കള്‍ നിര്‍ദ്ദേശം വെച്ചിരുന്നു. അതിനു മറുപടിയായി ഞാന്‍ അയച്ച ഈമെയില്‍ സന്ദേശത്തില്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ആരും തന്നെ ഉപയോഗിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നല്ലോ? തുടര്‍ന്ന് നമ്മള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സംവാദ വിഷയം “സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന് മാറ്റം വരുത്തിയിരുന്നു. ഇത് താങ്കളും അംഗീകരിച്ചിരുന്നതാണല്ലോ.”

ഇതിലെ അവസാനത്തെ വരി സത്യത്തിന്‍റെ കണിക പോലും ഇല്ലാത്തതാണ്. ഞാന്‍ ഒരിക്കലും ഇങ്ങനെയൊരു കാര്യം അംഗീകരിച്ചിട്ടില്ല. ഞാനെന്നല്ല, ലോകത്ത് യുക്തിബോധം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ഒരാളും ഇങ്ങനെയൊരു ടൈറ്റില്‍ അംഗീകരിക്കുകയില്ല. കാരണം രണ്ടാമത് വന്നതാണ് ആദ്യം മുതലേയുള്ളതിന് ബദലാകുക, അല്ലാതെ ആദ്യമേ നിലനില്‍ക്കുന്ന ഒന്നിനെ രണ്ടാമത് വന്നതിന്‍റെ ബദല്‍ എന്ന് ചിന്താശേഷിയുള്ള ഒരാള്‍ പോലും പറയില്ല. ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരമായി മനുഷ്യനുണ്ടായ കാലം മുതലേ നിലനില്‍ക്കുന്ന ഒന്നാണ് സൃഷ്ടിവാദം. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൃഷ്ടിവാദത്തിനെ അംഗീകരിക്കാന്‍ ദൈവനിഷേധികളായ ആളുകള്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ സൃഷ്ടിവാദത്തിനു ബദലായി ദൈവത്തിനെ ഒഴിവാക്കിക്കൊണ്ട് പല പല സിദ്ധാന്തങ്ങളും മുന്നോട്ടു വെക്കുകയുണ്ടായി. ലാമാര്‍ക്കിസം, ഡാര്‍വിനിസം, മ്യൂട്ടേഷനിസം, മാക്രോ മ്യൂട്ടേഷനിസം, ഡ്രിഫ്റ്റിസം തുടങ്ങി പലവിധമായ സിദ്ധാന്തങ്ങളും സൃഷ്ടിവാദത്തിന് ബദലായി ദൈവനിഷേധികള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന സൃഷ്ടിവാദത്തിന് ബദലായി ദൈവനിഷേധികള്‍ ഓരോരോ സിദ്ധാന്തങ്ങളുമായി വരാന്‍ തുടങ്ങിയിട്ട് കേവലം ഇരുന്നൂറ്റമ്പത് വര്‍ഷങ്ങളില്‍ താഴെയേ ആയിട്ടുള്ളൂ എന്നോര്‍ക്കണം. ഓരോരോ സിദ്ധാന്തത്തിന്‍റെയും യുക്തിരാഹിത്യം ബോധ്യപ്പെടുമ്പോഴാണ് അവര്‍ അടുത്ത സിദ്ധാന്തം രംഗത്തിറക്കുന്നത്. ഡാര്‍വിനിസമാണെങ്കില്‍ പരിണമിച്ചു പരിണമിച്ച് ചാള്‍സ് ഡാര്‍വിന്‍ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത അവസ്ഥയിലാണ് ഇന്ന് എത്തി നില്‍ക്കുന്നത്. പക്ഷേ സൃഷ്ടിവാദം അന്നും ഇന്നും ഒരേ കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു, അതിനൊരു മാറ്റവും ഇന്നുവരെ ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെ നൂറ്ററുപത് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള പരിണാമ സിദ്ധാന്തത്തിന് ബദലാണോ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന സൃഷ്ടിവാദം എന്ന് യുക്തിബോധം പേരിനെങ്കിലും അവശേഷിച്ചിട്ടുള്ള ഒരാളും ചോദിക്കുകയില്ല. അതിനാല്‍ ആ ടൈറ്റിലില്‍ സംവാദം നടത്തി പൊതുജനങ്ങള്‍ക്കു മുന്‍പാകെ വില കളയാന്‍ സാക്ഷി തയ്യാറല്ല എന്നറിയിക്കുന്നു. പകരം, “പരിണാമസിദ്ധാന്തം സൃഷ്ടിവാദത്തിന് ബദലോ?” എന്ന ടൈറ്റിലില്‍ സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ് എന്നറിയിക്കുന്നു.

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:
“ഈ സംവാദം പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഇല്ലാതെ നേര്‍ക്കുനേര്‍ സംവാദമാണ് യുക്തിവാദ പഠനകേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഫോണ്‍ സംഭാഷണത്തിലും ഇത് ആവര്‍ത്തിച്ചിരുന്നു.”

ശരിയാണ്, ആരംഭം മുതലേ യുക്തിവാദ പഠന കേന്ദ്രം പവര്‍ പോയിന്‍റ് പ്രസന്‍റേഷനെ (PPT) ഭയപ്പെടുന്നതായി ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഞങ്ങള്‍ക്ക് PPT യെ ഭയമില്ലാത്തത് കൊണ്ട് സംവാദത്തില്‍ ഞങ്ങള്‍ PPT ഉപയോഗിക്കും എന്ന കാര്യം തുടക്കം മുതലേ സാക്ഷിയും പറയുന്നുണ്ട്.
PPT-യെ യുക്തിവാദ പഠന കേന്ദ്രം ഇത്രമാത്രം ഭയപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. പണ്ടുകാലത്ത് സംവാദങ്ങള്‍ നടന്നിരുന്നത് അടുത്തടുത്തിരിക്കുന്ന രണ്ടു പേര്‍ തമ്മിലായിരുന്നു. അവരുടെ സംവാദം കേള്‍ക്കാന്‍ കുറേപ്പേര്‍ ചുറ്റും വട്ടം കൂടിയിരുപ്പുണ്ടാകും. കാലം കുറെ കടന്നു പോയി, ശാസ്ത്രം വികസിച്ചു, വൈദ്യുതിയും മൈക്ക് സെറ്റും ഒക്കെ കണ്ടുപിടിച്ചു കഴിഞ്ഞപ്പോള്‍ സംവാദ മേഖലയിലും അതെല്ലാം ഉപയോഗിക്കാന്‍ തുടങ്ങി. സ്വാഭാവികമായും സംവാദത്തിന്‍റെ നിലവാരം ഉയര്‍ന്നു. പക്ഷെ അപ്പോഴും സംവാദകര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്കുള്ള തെളിവുകള്‍ സംവാദം വീക്ഷിക്കുന്നവര്‍ക്ക് കാണുവാനുള്ള അവസരം ഉണ്ടായിരുന്നില്ല. അവര്‍ പറയുന്ന റെഫറന്‍സുകള്‍ എഴുതിയെടുത്തുകൊണ്ട് വീട്ടില്‍പ്പോയോ അല്ലെങ്കില്‍ ലൈബ്രറിയില്‍ പോയോ പുസ്തകങ്ങള്‍ എടുത്ത് പരിശോധിച്ച് നോക്കണമായിരുന്നു. എന്നാല്‍ കാലം പിന്നെയും കുറെ കടന്നു പോയി, ശാസ്ത്രം വീണ്ടും വികസിച്ചു. പ്രോജക്ടറും പവര്‍ പോയിന്‍റ് പ്രസന്‍റേഷനുമെല്ലാം ശാസ്ത്രലോകം മനുഷ്യര്‍ക്ക് സംഭാവന നല്‍കി. സംവാദ മേഖലകളിലും ഉള്ളവര്‍ ഇതൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സംവാദങ്ങളുടെ നിലവാരം ഉയര്‍ന്നു. ഓരോ സംവാദകനും തന്‍റെ വാദമുഖങ്ങള്‍ക്കുള്ള തെളിവുകള്‍ അപ്പോഴപ്പോള്‍ത്തന്നെ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നു എന്നുള്ളത് ചെറിയ കാര്യമല്ല. എതിരാളിയുടെ വാദമുഖങ്ങളുടെ പൊള്ളത്തരങ്ങള്‍ കേവലം വാക്കുകള്‍ കൊണ്ട് മാത്രമല്ല, വ്യക്തമായ തെളിവുകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുതന്നെ വെളിപ്പെടുത്താന്‍ കഴിയുന്നത് സംവാദം വീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്.

സാക്ഷിയെ സംബന്ധിച്ച്, ഞങ്ങള്‍ വാദിക്കുന്നത് നൂറു ശതമാനം സത്യം തന്നെയായ കാര്യമാണെന്നും ഒളിച്ചു വെക്കേണ്ടതോ മറച്ചു വെക്കേണ്ടതോ ആയ ഒന്നും ഞങ്ങള്‍ക്കില്ല എന്നുള്ളതുകൊണ്ടും, എതിരാളി എന്തെല്ലാം തെളിവുകള്‍ ഞങ്ങള്‍ക്കെതിര നിരത്തിയാലും അതിനെ ഖണ്ഡിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്ന തിരിച്ചറിവുള്ളതിനാലും, എതിരാളി സ്വന്തം വാദത്തിനെ ഉറപ്പിക്കാന്‍ വേണ്ടി നിരത്തുന്ന തെളിവുകളുടെ പൊള്ളത്തരങ്ങള്‍ ഞങ്ങള്‍ക്ക് തുറന്നു കാണിക്കാന്‍ കഴിയും എന്നുറപ്പുള്ളതിനാലും സംവാദത്തില്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ വേണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ശാസ്ത്രത്തിന്‍റെ പ്രചാരകര്‍ എന്ന് പറഞ്ഞ് മേനി നടിക്കുന്ന യുക്തിവാദികള്‍ എന്തുകൊണ്ടാണ് ശാസ്ത്രത്തിന്‍റെ സംഭാവനയായ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ തങ്ങളുടെ സംവാദത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇത്രമാത്രം ഭയപ്പെടുന്നത്? സാക്ഷിയുടെ ഇതുവരെയുള്ള എല്ലാ സംവാദങ്ങളിലും സാക്ഷി പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം മറക്കരുത്.
ഇനി, യുക്തിവാദ പഠന കേന്ദ്രത്തിന്‍റെ സംവാദകനായ ശ്രീ.സി.രവിചന്ദ്രന്‍ തന്‍റെ പ്രോഗ്രാമുകളില്‍ ശാസ്ത്രത്തിന്‍റെ സംഭാവനകള്‍ ഉപയോഗിക്കാതെ വെറും വാമൊഴിയായി മാത്രം കാര്യങ്ങള്‍ പറഞ്ഞു പോകുന്ന ആളാണോ? അല്ല എന്നാണ് ഉത്തരം. താഴെയുള്ള ലിങ്ക് ഓപ്പണ്‍ ചെയ്തു നോക്കുക. ശ്രീ.സി.രവിചന്ദ്രന്‍റെ വാദങ്ങള്‍ക്കെതിരെ ഡോ.ഗോപാലകൃഷ്ണന്‍ എന്നൊരാള്‍ നല്‍കിയ മറുപടിയോടുള്ള ശ്രീ.സി.രവിചന്ദ്രന്‍റെ പ്രതികരണമായി തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിച്ച ഗീതായനം എന്ന പ്രോഗ്രാമിന്‍റെ യൂ ട്യൂബ് ലിങ്ക് ആണിത്: https://www.youtube.com/watch?v=qY_1WFSQL8M ഈ പ്രോഗ്രാമില്‍ “ഡോ. ഗോപാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, അതിനുള്ള എന്‍റെ മറുപടി ഇതാണ്” എന്ന രീതിയില്‍ വെറുതെ വാമൊഴിയായി ശ്രീ.സി.രവിചന്ദ്രന്‍ പറഞ്ഞു പോകുകയല്ല, പകരം ഡോ.ഗോപാലകൃഷ്ണന്‍ ഉന്നയിച്ച വാദങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കുകയും പിന്നെ അതിനു മറുപടി പറയുകയുമാണ് ചെയ്തിരിക്കുന്നത്. ശ്രീ.സി.രവിചന്ദ്രന്‍ സ്റ്റേജില്‍ ഉപയോഗിച്ച ഈ മെത്തേഡ് ഏറ്റവും ആധികാരികമായ ഒന്നാണ് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല.

അതുപോലെത്തന്നെയോ അതിനേക്കാള്‍ മേലെയോ നില്‍ക്കുന്ന ആധികാരികമായ ഒന്നാണ് പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍. അതിനെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട്? “എതിരാളിക്കെതിരെ ഞങ്ങള്‍ ഖണ്ഡന പ്രസംഗം നടത്തുമ്പോള്‍ ശാസ്ത്രത്തിന്‍റെ എല്ലാ സംഭാവനകളും ഞങ്ങള്‍ ഉപയോഗിക്കും, (കാരണം അവിടെ സ്റ്റേജില്‍ എതിരാളിയില്ലല്ലോ). പക്ഷേ, എതിരാളി ഞങ്ങളോടൊപ്പം ഒരേ സ്റ്റേജില്‍ ഇരുന്നുകൊണ്ട് നടത്തുന്ന സംവാദങ്ങളില്‍ ഞങ്ങള്‍ ശാസ്ത്രത്തിന്‍റെ സംഭാവനകളൊന്നും ഉപയോഗിക്കില്ല, അത് ഞങ്ങള്‍ക്ക് ദോഷം ചെയ്യും” എന്നതാണ് യുക്തിവാദികളുടെ നിലപാടെങ്കില്‍ അത്തരം നിലപാടുകളെയാണ് മലയാളത്തില്‍ ഇരട്ടത്താപ്പ് എന്ന് വിളിക്കുന്നത് എന്നോര്‍ത്തുകൊള്ളുക. സാക്ഷി അങ്ങനെ ഇരട്ടത്താപ്പ് കാണിക്കുന്ന സംഘടനയല്ലാത്തത് കൊണ്ട് സംവാദത്തില്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഉപയോഗിക്കും എന്നുള്ള നിലപാടില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:
“യുക്തിവാദ പഠന കേന്ദ്രം 2017 മെയ് 21-ന് നടത്താന്‍ ഉദ്ദേശിക്കുന്ന സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ? എന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ ശ്രീ.ജെയിംസ് വര്‍ഗ്ഗീസിന് കഴിയുന്നില്ലെങ്കില്‍ ഈ സംവാദത്തില്‍ നിന്നും സാക്ഷി അപ്പോളജിസ്റ്റിസ് നെറ്റ് വര്‍ക്ക് പിന്മാറിയതായി യുക്തിവാദ പഠന കേന്ദ്രം കരുതുന്നതായിരിക്കും.”

“സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന യുക്തിരഹിതമായ ഒരു ടൈറ്റിലില്‍ സംവാദം നടത്താന്‍ സാക്ഷി ഒരിക്കലും വരില്ല എന്നകാര്യം ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു. അതിനുപകരം, ‘പരിണാമസിദ്ധാന്തം സൃഷ്ടിവാദത്തിന് ബദലോ?’ എന്നുള്ള യുക്തിക്ക് നിരക്കുന്ന ഒരു ടൈറ്റിലില്‍ സംവാദത്തിന് വരാന്‍ സാക്ഷി എപ്പോഴും ഒരുക്കമാണ് എന്നറിയിക്കുന്നു.
പിന്നെ സംവാദത്തില്‍ നിന്നും പിന്മാറാന്‍ വേണ്ടി ആരംഭം മുതലേ ശ്രമിക്കുന്നത് ആരാണെന്ന് ഈ കത്തിടപാടുകള്‍ ആരംഭം മുതലേ വായിക്കുന്നവര്‍ക്ക് പിടികിട്ടും എന്ന് ഞങ്ങള്‍ക്കറിയാം. സാക്ഷിക്ക് ഈ സംവാദത്തില്‍ നിന്നും പിന്മാറണം എന്ന് വല്ല ഉദ്ദേശ്യവും ഉണ്ടായിരുന്നെങ്കില്‍ യുക്തിവാദ പഠന കേന്ദ്രം അയച്ച ആദ്യത്തെ കത്തിലെ നിബന്ധനകള്‍ കണ്ടപ്പോള്‍ തന്നെ ആകാമായിരുന്നു. ഒരുദാഹരണം പറയുകയാണെങ്കില്‍, ആദ്യത്തെ കത്തില്‍ നിങ്ങള്‍ വെച്ച ഒരു നിബന്ധന: “സംവാദം തുടങ്ങി വെക്കുന്ന ആള്‍ക്ക് പ്രേക്ഷകരുമായുള്ള ആശയവിനിമയ റൗണ്ടിലും സംഗ്രഹ റൗണ്ടിലും രണ്ടാമത്തെ ഊഴമായിരിക്കും ലഭിക്കുക” എന്നായിരുന്നല്ലോ. ഈ നിബന്ധന നീതിയുക്തമാണ് എന്ന് ലോകത്ത് ആരെങ്കിലും പറയുമോ? ആദ്യം വിഷയം അവതരിപ്പിച്ച ആള്‍ ആദ്യം പ്രേക്ഷകരുമായി ആശയ വിനിമയം നടത്തണം, ആദ്യം ഉപസംഹാരം നടത്തണം. രണ്ടാമത് വിഷയം അവതരിപ്പിച്ച ആള്‍ രണ്ടാമത് പ്രേക്ഷകരുമായി ആശയവിനിമയം നടത്തണം. രണ്ടാമത് ഉപസംഹാരം നടത്തണം. ഇതാണ് നീതിപൂര്‍വ്വമായ സംവാദത്തില്‍ ഉപയോഗിക്കേണ്ട രീതി. “സംവാദം തുടങ്ങി വെക്കുന്ന ആള്‍ക്ക് ചോദ്യോത്തര വേളയിലും ഉപസംഹാരത്തിലും രണ്ടാമത്തെ അവസരമാണ് നല്‍കേണ്ടത്” എന്ന് ഇതിനു മുന്‍പ് സാക്ഷിയോട് ആവശ്യപ്പെട്ടിട്ടുള്ളത് ചില ഇസ്ലാമിക് ദാവാ സംഘടനകള്‍ മാത്രമാണ്.

ആദ്യം വിഷയാവതരണം നടത്തുന്നവര്‍ക്ക് സംവാദത്തില്‍ മുന്‍കൈ കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നിബന്ധന അവര്‍ ഉന്നയിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്നവരായത് കൊണ്ട് ഞങ്ങള്‍ക്ക് മനസ്സിലായി. സംവാദത്തിനെ എങ്ങോട്ട് കൊണ്ടുപോകണം എന്ന് ആദ്യം വിഷയാവതരണം നടത്തുന്നവര്‍ തീരുമാനിക്കും. ശേഷം ചോദ്യോത്തര സെഷനിലും ഉപസംഹാര സെഷനിലും രണ്ടാമത്തെ അവസരമാണ് ആദ്യം വിഷയാവതരണം നടത്തിയവര്‍ക്ക് ലഭിക്കുന്നത് എന്നുള്ളത് കൊണ്ട് എതിരാളി എന്ത് മറുപടി കൊടുത്താലും എങ്ങനെ ഉപസംഹാരം നടത്തിയാലും അതിന്‍റെയും മേലെ രണ്ട് വാക്ക് പറഞ്ഞ് അവസാനിപ്പിക്കാന്‍ ആദ്യം വിഷയാവതരണം നടത്തിയവര്‍ക്ക് ലഭിക്കുന്ന അനീതി നിറഞ്ഞ ഒരു സംവാദ ഫോര്‍മാറ്റ് ആണിത്. അതുകൊണ്ടുതന്നെ, ഞങ്ങളത് അല്പം പോലും സമ്മതിച്ചു കൊടുക്കുകയും ഉണ്ടായില്ല.

നിങ്ങള്‍ ഈയൊരാവശ്യം ഉന്നയിച്ചതോടെ ഇസ്ലാമിക് ദാവാ സംഘടനകളും യുക്തിവാദ പഠനകേന്ദ്രവും ഒരേ നിലവാരത്തില്‍ ഉള്ളവരാണ് എന്നാണ് തെളിയിച്ചിരിക്കുന്നത്. സംവാദത്തില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശ്യമുള്ളവരായിരുന്നു ഞങ്ങളെങ്കില്‍ ആദ്യത്തെ കത്തില്‍ നിങ്ങള്‍ ഉന്നയിച്ചിരുന്ന ഈയൊരു കാര്യം മാത്രം ചൂണ്ടിക്കാട്ടി സംവാദത്തില്‍ നിന്നും ഞങ്ങള്‍ പിന്മാറിയേനെ! എന്നാല്‍ ഏതു വിധത്തിലും ഈ സംവാദം നടക്കണം എന്നുള്ള ആഗ്രഹം ഞങ്ങള്‍ക്ക് അദമ്യമായി ഉണ്ടായിരുന്നത് കൊണ്ടാണ് സാധാരണ ചെയ്യുന്നതില്‍ നിന്നും വിഭിന്നമായി ഞങ്ങള്‍ ഇക്കാര്യം അവഗണിച്ചു വിട്ടത്. എന്നാല്‍ ഇപ്പോള്‍, സാക്ഷി സംവാദത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് കൊണ്ട് ഈ വിഷയത്തിലുള്ള ഞങ്ങളുടെ നിലപാട് മാറ്റാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നറിയിക്കട്ടെ. സംവാദം തുടങ്ങി വെക്കുന്ന ആള്‍ തന്നെയായിരിക്കണം പ്രേക്ഷകരുമായുള്ള ആശയവിനിമയ റൗണ്ടിലും ഉപസംഹാര റൗണ്ടിലും ആദ്യത്തെ ഊഴം ഉപയോഗിക്കേണ്ടത്, രണ്ടാമത് വിഷയാവതരണം നടത്തുന്ന ആള്‍ പ്രേക്ഷകരുമായുള്ള ആശയവിനിമയ റൗണ്ടിലും ഉപസംഹാര റൗണ്ടിലും രണ്ടാമത്തെ ഊഴം ഉപയോഗിക്കണം എന്നുള്ളതാണ് സാക്ഷിയുടെ നിലപാട് എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

സംവാദത്തിലെ നിബന്ധനകള്‍ ഞങ്ങള്‍ താഴെ അക്കമിട്ടു നല്‍കുന്നു:

1 സൃഷ്ടിവാദവും പരിണാമ സിദ്ധാന്തവും എന്ന രണ്ടു വിഷയങ്ങള്‍ സംവാദത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. (“സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ, ഏതാണ് യുക്തിസഹമായിരിക്കുന്നത്?”; “സൃഷ്ടിവാദത്തിന് ബദല്‍ പരിണാമ സിദ്ധാന്തമോ?” എന്നീ ടൈറ്റിലുകള്‍ ഞങ്ങള്‍ സജസ്റ്റ് ചെയ്യുന്നു.)

2 വിഷയാവതരണം ഏറ്റവും കുറഞ്ഞത് 30 മിനുട്ട് ആയിരിക്കണം.

3 പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം.

4 സംവാദത്തില്‍ ആദ്യം വിഷയാവതരണം നടത്തുന്ന ആള്‍ ചോദ്യോത്തര സെഷനിലും ഉപസംഹാര സെഷനിലും ആദ്യത്തെ ഊഴം ഉപയോഗിക്കണം.

ഈ ആവശ്യങ്ങള്‍ തികച്ചും മാന്യവും നീതിപൂര്‍വ്വവും യുക്തിസഹവുമാണ് എന്നുള്ള കാര്യം ഈ കത്തിടപാടുകള്‍ വായിക്കുന്ന ഏതൊരാളും അംഗീകരിക്കും എന്ന് ഞങ്ങള്‍ക്ക് ഉത്തമബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും കാരണവശാല്‍ യുക്തിവാദ പഠനകേന്ദ്രവും സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കും തമ്മിലുള്ള സംവാദം നടക്കാതെ പോയാല്‍ അതിനുത്തരവാദി യുക്തിവാദ പഠനകേന്ദം മാത്രമായിരിക്കും എന്നവര്‍ വിധിയെഴുതും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. സംവാദം നടക്കണം എന്ന് തന്നെയാണ് സാക്ഷി ഇപ്പോഴും ആഗ്രഹിക്കുന്നത് എന്നുള്ള കാര്യം ഒന്നുകൂടി ഊന്നിപ്പറയട്ടെ.

എന്നാലത് ഒറ്റ വിഷയം മാത്രം ഉള്‍പ്പെടുത്തി, ഏകപക്ഷീയമായി യുക്തിവാദ പഠനകേന്ദ്രം നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്വന്തം മനഃസാക്ഷിയോട് സത്യസന്ധത പുലര്‍ത്തുകയും നീതി ബോധം കൈമോശം വരികയും ചെയ്തിട്ടില്ലാത്ത ഏതൊരാള്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന നിബന്ധനകളാണ് സംവാദവുമായി ബന്ധപ്പെട്ട് സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് മുന്നോട്ട് വെച്ചിരിക്കുന്നത്, യുക്തിവാദ പഠന കേന്ദ്രം ആ നിബന്ധനകള്‍ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.
എന്ന്, സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിന് വേണ്ടി,
ഫിന്നി റ്റി. വര്‍ഗ്ഗീസ്. 9895557277

ഇതിനുള്ള യുക്തിവാദപഠനകേന്ദ്രത്തിന്‍റെ മറുപടി:

Freethought Media Yukthivada Padanakendram yukthivadapadanakendram@gmail.com Apr 20
to me

ശ്രീ.ഫിന്നി വര്‍ഗ്ഗീസ്.

(സാക്ഷി അപ്പോളജെറ്റിക്സ്‌)

സംവാദ വിഷയവുമായി ബന്ധപ്പെട്ട് യുക്തിവാദ പഠനകേന്ദ്രം അയച്ച രണ്ടാമത്തെ മറുപടി കത്തിനുള്ള രണ്ട് മറുപടികള്‍ കിട്ടി. ആദ്യമേ തന്നെ പറയട്ടെ, ഞങ്ങള്‍ സാക്ഷി അപ്പൊള ജിസ്റ്റിസ് എന്ന് തെറ്റായി രേഖപ്പെടുത്തിയതില്‍ ഖേദിക്കുന്നു. താങ്കളുടെ ആദ്യ കത്തില്‍ തന്നെ തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നുവെങ്കില്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കില്ലായിരുന്നു.
ഞങ്ങള്‍ അയച്ച രണ്ടാമത്തെ കത്തിനുള്ള മറുപടിയായി 14-4-2017-ല്‍ രണ്ട് പേജുള്ള ഒരു കത്തും 17-4-2017-ല്‍ സാക്ഷിയുടെ സഹോദരന്മാരുടെ നിര്‍ദ്ദേശപ്രകാരം എഡിറ്റ്‌ ചെയ്ത എട്ടു പേജുള്ള ഫൈനല്‍ കത്തും കിട്ടി.
താങ്കളുടെ കത്തുകളില്‍ യുക്തിവാദ പഠനകേന്ദ്രത്തെപ്പറ്റിയുള്ള മോശം പരാമര്‍ശങ്ങളേയും ആക്ഷേപങ്ങളേയും തികഞ്ഞ അവജ്ഞയോടെ ഞങ്ങള്‍ തള്ളിക്കളയുന്നു. വിലകുറഞ്ഞ ആക്ഷേപങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും മറുപടി അര്‍ഹിക്കാത്തത് കൊണ്ട് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന രീതി യുക്തിവാദ പഠനകേന്ദ്രത്തിന് ഇല്ല എന്ന് അറിയിക്കുന്നു.
14-4-2017-ല്‍ താങ്കള്‍ അയച്ച കത്തില്‍ “ഏകപക്ഷീയമായ രീതിയിലുള്ള സംവാദം നമുക്ക് രണ്ടുകൂട്ടര്‍ക്കും ഗുണകരമാവില്ല എന്ന് സൂചിപ്പിച്ചിരുന്നല്ലോ. ഈ ആരോപണം വളരെ വിചിത്രമായി ഞങ്ങള്‍ക്ക് തോന്നുന്നു. യുക്തിവാദ പഠനകേന്ദ്രം സംവാദ വിഷയവുമായി ബന്ധപ്പെട്ടു താങ്കള്‍ക്ക് ആദ്യം അയച്ച കത്തില്‍ത്തന്നെ (22-3-2017) സംവാദ നിബന്ധനകളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ പരസ്പരം ആലോചിച്ച് മാറ്റം വരുത്താമെന്ന് വ്യക്തമാക്കിയിരുന്നു.

യുക്തിവാദ പഠനകേന്ദ്രം ഏകപക്ഷീയമായ രീതിയിലാണ് സംവാദം സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ കാര്യം കത്തില്‍ സൂചിപ്പിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ. എന്നാല്‍ ആദ്യ കത്തിന് മറുപടിയായി താങ്കള്‍ അയച്ച കത്തില്‍ തികച്ചും ഏകപക്ഷീയമായ നിലപാടാണ് സാക്ഷിയുടെ ഭാഗത്ത് നിന്നും സ്വീകരിച്ചു കണ്ടത്. ഇത് ഞങ്ങളെ അതിശയിപ്പിക്കുന്നതായിരുന്നു. കാരണം യുക്തിവാദ പഠനകേന്ദ്രം സംവാദവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിച്ചിട്ടുള്ള അഞ്ച് നിര്‍ദ്ദേശങ്ങളിലും മാറ്റം വരുത്തണമെന്ന് സാക്ഷി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനെ ഏകപക്ഷീയം എന്നല്ലാതെ വേറെന്താണ് വിളിക്കുക.

“1. സംവാദ വിഷയം ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്നതിന് പകരം സൃഷ്ടിയും പരിണാമവും ശാസ്ത്രദൃഷ്ടിയില്‍ എന്നാക്കണം.

2. വിഷയാവതരണത്തിന് 20 മിനിട്ടിനു പകരം 30 മിനിട്ട് ആക്കണം
3. വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡനങ്ങള്‍ക്കുമായി 10 മിനിട്ട് വീതമുള്ള 4 റൗണ്ടുകള്‍ക്ക് പകരമായി 10 മിനിട്ട് വീതമുള്ള 2 റൗണ്ടാക്കി ചുരുക്കണം.
4. ചോദ്യോത്തര റൗണ്ടില്‍ ഓരോരുത്തര്‍ക്കും 15+10 =25×2= 50 എന്നതിന് പകരം 30×2= 60 മിനിട്ട് എന്നാക്കണം.
5. സംഗ്രഹം 5 മിനിട്ട് എന്നത് മാറ്റി 10 മിനിട്ട് ആക്കണം.”

ഇതു കൂടാതെ ചോദ്യോത്തരവേളയില്‍ 3 പേര്‍ വീതമടങ്ങുന്ന പാനലിനെ ഉള്‍പ്പെടുത്തണമെന്നും സംവാദത്തില്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഉപയോഗിക്കണമേന്നുമുള്ള പുതിയ രണ്ടു നിബന്ധനകള്‍ കൂടി സാക്ഷി മുന്നോട്ടു വെക്കുകയാണ് ചെയ്തത്.

യുക്തിവാദ പഠനകേന്ദ്രം മുന്നോട്ടു വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് സാക്ഷിയുടെ തീരുമാനങ്ങള്‍ മാത്രം നടപ്പാക്കണമെന്നുള്ള അവരുടെ ആവശ്യം അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്ന യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ അംഗങ്ങളുടെ നിര്‍ദ്ദേശപ്രകാരം 3-4-2017-ന് താങ്കള്‍ക്ക് മറുപടി അയച്ചിരുന്നു.
എന്നാല്‍ 17-4-2017- ന് താങ്കള്‍ അയച്ച കത്തില്‍ ഇങ്ങനെ പറയുന്നു “2017 ഏപ്രില്‍ രണ്ടാം തിയ്യതി ഞങ്ങള്‍ നിങ്ങള്‍ക്കയച്ച കത്തിനുള്ള മറുപടി ഏപ്രില്‍ 12-നു നിങ്ങളില്‍നിന്നും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി”. ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് അറിയിക്കട്ടെ. താങ്കളുടെ ഏപ്രില്‍ 2-ലെ കത്തിന് ഏപ്രില്‍ 3-ന് തന്നെ മറുപടി തന്നിരുന്നെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ?. എന്നാല്‍ ഞാനയച്ച ഏപ്രില്‍ 3-ലെ കത്തിന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാതിരുന്നതിനാല്‍ പല പ്രാവശ്യം താങ്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മീറ്റിംഗിലോ, യാത്രയിലോ ആണെന്ന മറുപടിയാണ് പലപ്പോഴും ലഭിച്ചിരുന്നത്. താങ്കള്‍ ഒരിക്കല്‍പ്പോലും തിരിച്ചു വിളിച്ചിട്ടില്ലെന്നോര്‍ക്കുക. ഈ സംവാദം നടക്കേണ്ടത് യുക്തിവാദ പഠനകേന്ദ്രത്തിന്‍റെയും കൂടി ആവശ്യമായതിനാലാണ് ശ്രീ. കോശി ഐസക്കിനെയും, താങ്കളേയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്നുള്ള നമ്മുടെ ഫോണ്‍ സംഭാഷണത്തില്‍ സൃഷ്ടിവാദവും പരിണാമ സിദ്ധാന്തവും എന്നീ രണ്ട് വിഷയങ്ങള്‍ സംവാദത്തില്‍ ഉള്‍പ്പെടുത്തണമെന്നും പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ വേണമെന്നും താങ്കള്‍ ആവര്‍ത്തിച്ചിരുന്നു. ബാക്കിയുള്ള നിബന്ധനകള്‍ അംഗീകരിക്കുന്ന നിലപാടാണ് താങ്കള്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ? എന്ന പുതിയ വിഷയം ഞാന്‍ നിര്‍ദ്ദേശിച്ചത്. താങ്കള്‍ ഇതിന് അനുകൂല നിലപാടാണ് “അപ്പോള്‍” സ്വീകരിച്ചത്.

ഈ കാര്യങ്ങളൊക്കെ വിശദമാക്കിക്കൊണ്ട് യുക്തിവാദ പഠനകേന്ദ്രത്തിന് മറുപടി അയക്കാന്‍ താങ്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 12-ം തിയതി വരെ മറുപടി ലഭിക്കാത്തതിനാലാണ് അന്നുതന്നെ താങ്കള്‍ക്ക് ഒരു കത്തുകൂടി അയച്ചത്. ആ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സംവാദ വിഷയവുമായി ബന്ധപ്പെട്ട് 21-3-2017-ലെ ഞങ്ങളുടെ ആദ്യ കത്ത് മുതല്‍ നിങ്ങളുടെ മറുപടിയും അതിനു ഞങ്ങള്‍ തന്ന മറുപടിയും ഫോണ്‍ സംഭാഷണവും ഉള്‍പ്പെടെയുള്ളതിന്‍റെ ഒരു ചുരുക്കരൂപമാണ്. ഇതില്‍ നിന്നും ഏതെങ്കിലും വാക്കുകളോ വാചകങ്ങളോ അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയാണോ? സംവാദവുമായി ബന്ധപ്പെട്ട് ഒരു ധാരണയും എത്തിയില്ലായിരുന്നെങ്കില്‍ താങ്കള്‍ മറുപടി കത്തുകള്‍ അയക്കേണ്ടതില്ലായിരുന്നല്ലോ.

താങ്കളുടെ രണ്ടാമത്തെ കത്തില്‍ മൂന്നാമത്തെ പേജില്‍ എന്‍റെ കത്തിന്‍റെ ഒരു ഭാഗം സൂചിപ്പിച്ചിട്ടുണ്ട്. “അതനുസരിച്ച് സംവാദത്തിന്‍റെ നിബന്ധനകളും സമയ ക്രമീകരണങ്ങളും കാണിച്ചുകൊണ്ടുള്ള കത്ത് താങ്കള്‍ക്ക് ഈമെയിലായി അയച്ചു തന്നിരുന്നു. അതില്‍ പറയുന്ന ചില കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് താങ്കള്‍ നിര്‍ദ്ദേശം വെച്ചിരുന്നു. അതിനു മറുപടിയായി ഞാന്‍ അയച്ച ഈമെയില്‍ സന്ദേശത്തില്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ആരും തന്നെ ഉപയോഗിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നല്ലോ? തുടര്‍ന്ന് നമ്മള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സംവാദ വിഷയം “സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന് മാറ്റം വരുത്തിയിരുന്നു. ഇത് താങ്കളും അംഗീകരിച്ചിരുന്നതാണല്ലോ.” ഇതിലെ അവസാനത്തെ വരി സത്യത്തിന്‍റെ കണിക പോലും ഇല്ലാത്തതാണെന്ന് എഴുതികണ്ടു. ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. കാരണം, 14-4-2017- ന് താങ്കള്‍ അയച്ച കത്തില്‍ ഈയൊരു ആരോപണം ഉന്നയിച്ചിട്ടില്ല. പകരം മറ്റു വിഷയങ്ങളാണ് പ്രതിപാദിച്ചിരുന്നത്. 17-4-2017-ല്‍ താങ്കള്‍ സാക്ഷിയിലെ സഹോദരന്മാരുമായി കൂടിയാലോചിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം എഡിറ്റ്‌ ചെയ്ത ഫൈനല്‍ കത്തിലാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. അതുകൊണ്ട് സ്വാഭാവികമായി താങ്കള്‍ ഈ വിഷയം മറക്കാന്‍ ശ്രമിച്ചതായി യുക്തിവാദ പഠന കേന്ദ്രം കരുതുന്നു. ഏതായാലും അവസാനത്തെ വരി ഒഴികെ ബാക്കിയുള്ള വരികള്‍ സത്യമാണെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി എന്തായാലും സംവാദവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഫോണിലൂടെ സംസാരിക്കാന്‍ താല്പര്യപ്പെടുന്നില്ല എന്നറിയിക്കട്ടെ. സൗഹൃദ സംഭാഷണമാകാം.

താങ്കളുടെ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള മറ്റൊരു പരാമര്‍ശമാണല്ലോ ഞങ്ങളുടെ ആദ്യ കത്തിലെ നിബന്ധനയില്‍ പറയുന്ന “സംവാദം തുടങ്ങി വെക്കുന്ന ആള്‍ക്ക് പ്രേക്ഷകരുമായുള്ള ആശയവിനിമയ റൗണ്ടിലും സംഗ്രഹ റൗണ്ടിലും രണ്ടാമത്തെ ഊഴമാണ് ലഭിക്കുക”. ഇത് നീതിയുക്തമല്ല എന്നാണ് താങ്കള്‍ ആരോപിക്കുന്നത്. എന്നാല്‍ നിബന്ധനയില്‍ പറയുന്ന ആ ഭാഗം പൂര്‍ണ്ണമായും താങ്കള്‍ ശ്രദ്ധിച്ചു വായിക്കുവാന്‍ ശ്രമിക്കുക. അതില്‍ പറയുന്നത് ഇങ്ങനെയാണ്. “ആദ്യം വിഷയാവതരണം നടത്താന്‍ സംവാദകര്‍ക്ക് സ്വയം മുന്നോട്ടുവരാം, തര്‍ക്കം ഉണ്ടെങ്കില്‍ ടോസ് ഇട്ടു തീരുമാനിക്കാം. സംവാദം തുടങ്ങി വെക്കുന്ന ആള്‍ക്ക് പ്രേക്ഷകരുമായുള്ള ആശയ വിനിമയ സംഗ്രഹ റൗണ്ടിലും രണ്ടാമത്തെ ഊഴമാണ് ലഭിക്കുക”. സംവാദം തുടങ്ങി വെക്കുന്ന ആള്‍ക്ക് എതിര്‍ സംവാദകനെ ഖണ്ഡിക്കുന്നതിന് തുല്യമായ അവസരം ലഭിക്കുന്നതിനു വേണ്ടിയാണ് ഈ നിര്‍ദ്ദേശം വെച്ചിട്ടുള്ളത്‌. (ഇതുപ്രകാരം സംവാദ സമയത്ത് മാത്രമാണ് ആരാണ് ആദ്യം വിഷയം അവതരിപ്പിക്കുക എന്ന് തീരുമാനമാവുകയുള്ളൂ. അതാകട്ടെ സംവാദകര്‍ സ്വയം മുന്നോട്ടു വരികയോ എന്തെങ്കിലും തര്‍ക്കമുണ്ടങ്കില്‍ ടോസിട്ടു തീരുമാനിക്കുകയോ ആണ് ചെയ്യുന്നതെന്ന് വ്യക്തമായല്ലോ.) ഇത് താങ്കള്‍ ബോധപൂര്‍വ്വം മറച്ചു വെച്ചുകൊണ്ടാണ്‌ ഒരു പേജില്‍ കൂടുതലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

താങ്കളുടെ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന മറ്റൊരു കാര്യമാണ് “സംവാദവുമായി മുന്നോട്ടു പോകുവാന്‍ യുക്തിവാദ പഠന കേന്ദ്രത്തിന് തീരെ താല്പര്യമില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.” എന്നുള്ളത്. ഇത് വളരെ കോമഡിയായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഈ ഒരു സംവാദവുമായി ബന്ധപ്പെട്ട് ഞാനല്ലാതെ യുക്തിവാദ പഠനകേന്ദ്രത്തില്‍ നിന്നും വേറെ ആരാണ് പ്രതികരിച്ചിട്ടുള്ളത്. അറിയാന്‍ താല്പര്യമുണ്ട്. 18 വരിയുള്ള എന്‍റെ മറുപടി കത്തിലെ 18 വരിയും വള്ളിപുള്ളി വ്യത്യാസമില്ലാതെ താങ്കളുടെ കത്തില്‍ നാല് ഭാഗത്തായി കൊടുത്തിട്ടുണ്ടല്ലോ. ആ കത്തില്‍ എവിടെയെങ്കിലും യുക്തിവാദ പഠനകേന്ദ്രം സംവാദത്തില്‍ നിന്ന് പിന്മാറുന്ന സൂചനയെന്തെങ്കിലും ലഭിച്ചിട്ടുള്ളതായി കാണിച്ചു തരാമോ. യുക്തിവാദ പഠനകേന്ദ്രത്തിന് അങ്ങനെയൊരു കത്തെഴുതേണ്ടി വന്നതുതന്നെ സാക്ഷിയുടെ ഭാഗത്തുനിന്നും സംവാദവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3-ംതിയതി ഞാന്‍ അയച്ച 1ം മറുപടി കത്തിന് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയതുകൊണ്ടാണ് എന്ന് ഓര്‍ക്കുക. എന്നാല്‍ സാക്ഷിക്ക് ഈ സംവാദത്തിന് താല്പര്യമില്ല എന്ന് കാണിക്കുന്ന ഒരു പാട് പോയിന്‍റുകള്‍ താങ്കളുടെ കത്തില്‍ നിന്നും അക്കമിട്ട് നിരത്തുവാന്‍ ഞങ്ങള്‍ക്ക് കഴിയും.

1. ഏകപക്ഷീയമായ തലക്കെട്ടില്‍ സംവാദം നടത്തുന്നത് സാക്ഷിയുടെ രീതിയല്ല.
2. ഏകപക്ഷീയമായി ഒറ്റ വിഷയത്തില്‍ മാത്രമേ യുക്തിവാദ പഠനകേന്ദ്രം സംവാദം നടത്താന്‍ വരൂ എന്നാണെങ്കില്‍ ആ വിഷയം സാക്ഷി നിങ്ങളുടെ മുന്‍പാകെ വെക്കുന്നു: ‘പരിണാമ സിദ്ധാന്തത്തിന്‍റെ ശാസ്ത്രവിരുദ്ധത’ എന്നതാകട്ടെ വിഷയം.
3. പരിണാമ സിദ്ധാന്തത്തിനെ കുറിച്ച് സംവദിക്കാന്‍ ധൈര്യമില്ലാത്ത യുക്തിവാദ പഠന കേന്ദ്രം സംവാദം സൃഷ്ടിവാദത്തില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ആരംഭം മുതലേ ശ്രമിച്ചു പോരുന്നു. ഞങ്ങള്‍ അതിന് ഇത് വരെ സമ്മതിച്ചിട്ടില്ല, ഇനിയൊട്ടു സമ്മതിക്കാനും പോകുന്നില്ല! !.
4. “ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ?” എന്ന വിഷയത്തില്‍ പരിണാമവാദികളുമായി സംവാദം നടത്തേണ്ട ആവശ്യം സാക്ഷിക്കില്ല.
5. സൃഷ്ടിവാദം അംഗീകരിക്കാത്ത കൂട്ടരോട് ഞങ്ങള്‍ സംവാദം നടത്തുക ‘ക്രൈസ്തവ’ സൃഷ്ടിവാദത്തെ കുറിച്ചല്ല, “സൃഷ്ടിവാദത്തെക്കുറിച്ച് മാത്രമാണ്”. (ഇങ്ങനെയൊരു പ്രതികരണം സാക്ഷിയുടെ ഭാഗത്തു നിന്നുണ്ടാകും എന്ന് പ്രതീക്ഷിച്ചതുകൊണ്ട് തന്നെയാണ് ഏപ്രില്‍ 3-ന് അയച്ച ഞങ്ങളുടെ മറുപടിയില്‍ ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്ന ടൈറ്റിലില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്നാക്കാം എന്ന് കാണിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ഇങ്ങനെയൊരു പ്രതികരണം സാക്ഷിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.)

ഇതില്‍ നിന്നെല്ലാം ഞങ്ങള്‍ക്ക് മനസ്സിലാകുന്നത് ക്രൈസ്തവ സൃഷ്ടിവാദത്തെക്കുറിച്ച് സാക്ഷിക്ക് സംവാദത്തിന് ഏര്‍പ്പെടുന്നതിന് ധൈര്യമില്ലത്താതുകൊണ്ടാണ് പരിണാമസിദ്ധാന്തവും കൂടി സംവാദത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വാശിപിടിക്കുന്നത്. ഇതിനുദാഹരണമാണ് ക്രൈസ്തവ സൃഷ്ടിവാദം ശാസ്ത്രീയമോ? എന്ന വിഷയത്തില്‍ പരിണാമവാദികളുമായി സംവാദം നടത്തേണ്ട ആവശ്യം സാക്ഷിക്കില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതേ വാദം ഉന്നയിച്ചുകൊണ്ടുതന്നെ സൃഷ്ടിവാദികളുമായി പരിണാമ സിദ്ധാന്തത്തെക്കുറിച്ച് സംവാദം നടത്തേണ്ട ആവശ്യം യുക്തിവാദ പഠനകേന്ദ്രത്തിനില്ലെന്ന് പറഞ്ഞ് ആദ്യമേ ഒഴിഞ്ഞു മാറാമായിരുന്നു. ഇത്തരം ഇടുങ്ങിയ ചിന്താഗതി യുക്തിവാദ പഠനകേന്ദ്രത്തിനില്ലാത്തതുകൊണ്ടാണ് കുറച്ചുകൂടി തുറന്ന സമീപനം ഞങ്ങള്‍ സ്വീകരിച്ചു വരുന്നത്. ഞങ്ങള്‍ ഒരു വിഷയം പറയുമ്പോള്‍ നിങ്ങള്‍ അതിന് തികച്ചും എതിരായ മറ്റൊരു വിഷയം പറയുന്നു. ഇങ്ങനെ വന്നാല്‍ ഇവിടെ സംവാദത്തിന് സാധ്യതയില്ല. പക്ഷേ സംവാദങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും, അത് ചിന്തിക്കുന്ന മനുഷ്യന് പുതിയ പുതിയ അറിവുകള്‍ നേടിക്കൊടുക്കുമെന്നും, അത് യുക്തിചിന്തയുടെ വളര്‍ച്ചക്ക് ഉതകുമെന്നുറപ്പുള്ളതുകൊണ്ടും ഇത്തരം അവസരങ്ങള്‍ പാഴാക്കരുതെന്ന് യുക്തിവാദ പഠനകേന്ദ്രത്തിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് സംവാദത്തിന് സാക്ഷി മുന്നോട്ടു വെച്ചിട്ടുള്ള സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം? എന്ന വിഷയം ഞങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അറിയിക്കുന്നു.

1. നിങ്ങള്‍ നിര്‍ദ്ദേശിച്ച സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം? എന്ന വിഷയം സംവാദ വിഷയമായി ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു.
2. പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ നിര്‍ബന്ധമായും വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നല്ലോ?. സാക്ഷിക്ക് സംവാദം നടത്താന്‍ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ കൂടിയേ തീരൂ എന്നുള്ളതിനാല്‍ യുക്തിവാദ പഠനകേന്ദ്രം അത് അംഗീകരിക്കുന്നു.
3. വിഷയാവതരണം പരമാവധി 30 മിനിട്ട് വരെ ഉപയോഗിക്കാം. 30 മിനിട്ടില്‍ കുറവ് ഉപയോഗിക്കുന്ന സംവാദകന് രണ്ടാം റൗണ്ടില്‍ വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡനങ്ങള്‍ക്കുമായി ബാക്കി വരുന്ന സമയം കൂടി ഉപയോഗിക്കാവുന്നതാണ്.

യുക്തിവാദ പഠനകേന്ദ്രം 2017 മെയ് 21-ം തിയതി ഉച്ചക്ക് 2.30-ന് എറണാകുളം ടൌണ്‍ഹാളില്‍ വച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന സൃഷ്ടി വാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം? എന്ന വിഷയത്തിലുള്ള സംവാദത്തിന് സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് തയ്യാറുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മറുപടി അറിയിക്കുക.

എന്ന്,
യുക്തിവാദ പഠനകേന്ദ്രത്തിന് വേണ്ടി
ബാബു ജി.എസ്.
NB: താങ്കളുടെ കത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ സംവാദം നടന്നാലും ഇല്ലെങ്കിലും ഈ കത്തിടപാടുകള്‍ പൊതുജനത്തിനു വേണ്ടി നിങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന്. അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. കാരണം ഈ സംവാദം ഏതെങ്കിലും കാരണവശാല്‍ നടക്കാതെ വരികയാണെങ്കില്‍ അതിന്‍റെ കാരണം പൊതുജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം യുക്തിവാദ പഠനകേന്ദ്രത്തിനുണ്ട്. അതിനുള്ള ഒരു അവസരമായി ഞങ്ങള്‍ ഈ കത്തിടപാടിനെ ഉപയോഗിക്കും എന്ന്‍ അറിയിക്കുന്നു.

ഇതിനുള്ള സാക്ഷിയുടെ മറുപടി.

Finny Varghese finnytvarghese@gmail.com Apr 22
to Babu
To,
ശ്രീ. ബാബു ജി.എസ്.
യുക്തിവാദ പഠനകേന്ദ്രം.

ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകല ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകസത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ നിസ്തുല്യനാമത്തില്‍ സ്നേഹവന്ദനങ്ങള്‍.

17-4-2017-ല്‍ ഞങ്ങള്‍ അയച്ച കത്തിന്, പൊള്ളയായ ആരോപണങ്ങള്‍ കുത്തിനിറച്ചുകൊണ്ടുള്ള യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ പരിഹാസ്യമായൊരു മറുപടി 20-4-2017-ല്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് ലഭിക്കുകയുണ്ടായി. സാധാരണ ഇങ്ങനെയുള്ള കത്തുകളുടെ ഓരോ വാചകവും ഓരോ വരിയും എടുത്ത് വിശകലനം ചെയ്ത് മറുപടി അയക്കുന്നതാണ് സാക്ഷിയുടെ ശീലമെങ്കിലും സൃഷ്ടിവാദവും പരിണാമവാദവും എന്ന രണ്ട് വിഷയങ്ങളില്‍ സംവാദം നടത്താന്‍ അല്പം വൈകിയിട്ടാണെങ്കിലും യുക്തിവാദ പഠനകേന്ദ്രം തയ്യാറായ സ്ഥിതിക്ക് ഇനി അങ്ങനെയൊരു മറുപടി എഴുതുന്നത് കാടും പടര്‍പ്പും തല്ലി സമയം കളയുന്നത് പോലെ വ്യര്‍ത്ഥ പ്രവൃത്തിയായതിനാല്‍ ഞങ്ങള്‍ ആ പൊള്ളയായ ആരോപണങ്ങള്‍ അവഗണിച്ചു കൊണ്ട് കാര്യമാത്രപ്രസക്തമായ വിഷയത്തിലേക്ക് കടക്കുകയാണ്.

നമ്മള്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സംവാദത്തിന്‍റെ ഫോര്‍മാറ്റ് അടങ്ങിയ കരാര്‍ ഞങ്ങള്‍ താഴെ കൊടുക്കുന്നു. അത് ഓ.കെ. ആണെങ്കില്‍ എത്രയും പെട്ടെന്ന് അറിയിച്ചാല്‍ നമുക്ക് ഇരുകൂട്ടര്‍ക്കും കരാര്‍ ഒപ്പ് വെക്കാവുന്നതാണ്. സംവാദം മൂന്ന് മണിക്ക് ആരംഭിച്ചാല്‍ നന്നായിരിക്കും എന്നൊരഭിപ്രായമുണ്ട്. ആലപ്പുഴയിലും തൃശ്ശൂരിലും ഉള്ള ക്രൈസ്തവ സുഹൃത്തുക്കള്‍ സംവാദം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അന്ന് ഞായറാഴ്ചയായതുകൊണ്ട് ഉച്ച വരെ അവര്‍ക്ക് ആരാധനയ്ക്ക് പോകേണ്ടതുള്ളതിനാല്‍ രണ്ടരയ്ക്ക് എറണാകുളത്ത് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് അര മണിക്കൂര്‍ നീട്ടി വെക്കുന്നത് നല്ലതായിരിക്കും എന്ന് നിര്‍ദ്ദേശിക്കുന്നത്.

യുക്തിവാദ പഠനകേന്ദ്രം, എറണാകുളവും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ, കേരള ഘടകം, എറണാകുളം ചാപ്റ്ററുമായി നടത്താന്‍ പോകുന്ന സംവാദത്തിന്‍റെ കരാര്‍ പത്രം:

I സംവാദ വിഷയം: സൃഷ്ടിവാദമോ പരിണാമസിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?

II സംവാദ വേദി: ടൌണ്‍ഹാള്‍, എറണാകുളം.

III സംവാദ തിയ്യതി: 21-5-2017

IV സംവാദ സമയം: 3pm – 6pm

V സംവാദകര്‍:
a) സൃഷ്ടിവാദം: ശ്രീ.ജെയിംസ് വര്‍ഗ്ഗീസ്
b) പരിണാമവാദം: ശ്രീ. സി.രവിചന്ദ്രന്‍

V മോഡറേറ്റര്‍: …………….. (ഇരുപക്ഷത്തിനും പൊതുസമ്മതനായ ഒരു വ്യക്തി)

VI സംവാദത്തിന്‍റെ നടപടിക്രമം.
വിഷയാവതരണം: (30 മിനുട്ട് വീതം. അതില്‍ കുറഞ്ഞ സമയം കൊണ്ട് വിഷയാവതരണം പൂര്‍ത്തിയാക്കിയാല്‍ മിച്ചം വരുന്ന സമയം ഖണ്ഡന സെഷനില്‍ ഉപയോഗിക്കാവുന്നതാണ്)

A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

VII ഒന്നാം ഖണ്ഡനം: (10 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

VIII രണ്ടാം ഖണ്ഡനം: (10 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

IX മൂന്നാം ഖണ്ഡനം: (10 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

X ചോദ്യോത്തരവേള:
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍
(ഓരോരുത്തര്‍ക്കും 25 മിനുട്ട് വീതം ലഭിക്കും. ആദ്യത്തെ 15 മിനുട്ട് ഇരു കൂട്ടര്‍ക്കും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ശേഷം 10 മിനുട്ട് തങ്ങളുടെ വാദത്തെ ബലപ്പെടുത്താനും ഉപയോഗിക്കാം.)

XI ഉപസംഹാരം: (5 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

പ്രോഗ്രാം നടക്കുന്ന സമയത്തെ ടൌണ്‍ഹാളിന്‍റെ വാടക, സൗണ്ട് സിസ്റ്റം തുടങ്ങിയവയുടെ ചിലവുകള്‍ ഇരുപക്ഷവും തുല്യമായി വഹിക്കേണ്ടതാകുന്നു. വീഡിയോ ആയിട്ടോ ഓഡിയോ ആയിട്ടോ സംവാദം ലൈവ് ടെലികാസ്റ്റിംഗ് ചെയ്യാനുള്ള അവകാശം ഇരു പക്ഷത്തിനും ഉണ്ടായിരിക്കും. വീഡിയോ റെക്കോര്‍ഡിംഗ് ഇരുപക്ഷവും സ്വന്തം ചിലവില്‍ നടത്തേണ്ടതാണ്. തങ്ങള്‍ക്കനുകൂലമാകുന്ന വിധത്തില്‍ എഡിറ്റിംഗ് നടത്താതെ വേണം ഇരുപക്ഷവും യൂട്യൂബ്, ഫേസ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയകളില്‍ സംവാദം അപ്‌ലോഡ്‌ ചെയ്യേണ്ടത്. സംവാദത്തില്‍ ഇരുകൂട്ടര്‍ക്കും പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഉപയോഗിക്കാവുന്നതാണ്.

എന്ന്,
സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി,
ഫിന്നി റ്റി. വര്‍ഗ്ഗീസ്, 9895557277

ഇതിനുള്ള യുക്തിവാദ പഠന കേന്ദ്രത്തിന്‍റെ മറുപടി:

Freethought Media Yukthivada Padanakendram yukthivadapadanakendram@gmail.com Apr 24
to me

ശ്രീ. ഫിന്നി വര്‍ഗ്ഗീസ്.
(സാക്ഷി അപ്പോളജെറ്റിക്സ്‌)

ഏപ്രില്‍ 20-ന് ഞങ്ങള്‍ അയച്ച കത്തിനുള്ള നിങ്ങളുടെ മറുപടി ഏപ്രില്‍ 22-ന് കിട്ടി. മാര്‍ച്ച് 22-ന് ഞങ്ങള്‍ സാക്ഷിക്ക് അയച്ച ആദ്യകത്തില്‍ തന്നെ വ്യക്തമാക്കിയതാണല്ലോ യുക്തിവാദ പഠന കേന്ദ്രത്തിന്‍റെ 5-ം വാര്‍ഷികമായ ചാര്‍വ്വാകം 2017 എന്ന പരിപാടിയിലാണ് സംവാദം സംഘടിപ്പിക്കുന്നതെന്ന്.

“ചാര്‍വ്വാകം 2017” രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന 8 സെഷനുള്ള പരിപാടിയാണ്. ഇതിലെ ഒരു സെഷന്‍ മാത്രമാണ് ഈ സംവാദം എന്ന് മനസ്സിലാക്കുക. ഈ സംവാദം നടക്കണം എന്ന ആഗ്രഹമുള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ മുന്നോട്ടു വെച്ച മൂന്ന് ആവശ്യങ്ങളും ഞങ്ങള്‍ അംഗീകരിച്ച് സംവാദത്തിന് വഴിയൊരുക്കിയത്. എന്നാല്‍ മാര്‍ച്ച് 22-ലെ ഞങ്ങളുടെ ആദ്യ കത്ത് മുതല്‍ ഏപ്രില്‍ 22-ലെ നിങ്ങളുടെ മറുപടിക്കത്ത് വരെ ഒരു മാസം ഉണ്ടായിട്ടും സാക്ഷിക്ക് പൂര്‍ണ്ണമായ ഒരു തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് നിങ്ങളുടെ കത്തില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പുതിയ പുതിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും വീണ്ടും അവതരിപ്പിക്കുകയാണ് സാക്ഷി ചെയ്യുന്നത്.

“സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം”? എന്ന വിഷയമാണ് നിങ്ങള്‍ നിര്‍ദ്ദേശിച്ചതും ഞങ്ങള്‍ അംഗീകരിച്ചതും. എന്നാല്‍ ഇപ്പോള്‍ പുതിയ കത്തില്‍ പല ഭാഗത്തും വിഷയം സൃഷ്ടിവാദവും പരിണാമവാദവും എന്ന് വ്യക്താസപ്പെടുത്തിയിരിക്കുന്നു. തന്നെയുമല്ല ഒരാള്‍ ഒരു വിഷയത്തില്‍ മാത്രം സംസാരിക്കണമെന്ന നിങ്ങളുടെ വാദം വളരെ രസകരമായി ഞങ്ങള്‍ക്ക് തോന്നുന്നു. ശ്രീ.ജെയിംസ് വര്‍ഗ്ഗീസ് സൃഷ്ടിവാദം മാത്രം സംസാരിക്കണമെന്നും ശ്രീ.രവിചന്ദ്രന്‍ പരിണാമത്തെക്കുറിച്ച് മാത്രം സംസാരിക്കണമെന്നും നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഒരു പക്ഷെ ചില മത സംഘടനകളോട് മാത്രം സംവാദം നടത്തി ശീലമുള്ളതുകൊണ്ടാവാം സാക്ഷി ഇങ്ങനെ ആവശ്യപ്പെടുന്നത്.

സംവാദത്തിന്‍റെ ചിലവുകള്‍ തുല്യമായി ഷെയര്‍ ചെയ്യണമെന്ന് യുക്തിവാദ പഠനകേന്ദ്രം ഒരു കത്തിലും സാക്ഷിയോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇത്തരം ഡിമാന്‍റുകള്‍ സാക്ഷി മുന്നോട്ടു വയ്ക്കേണ്ടതില്ല. ചാര്‍വ്വാകം 2017 പൂര്‍ണ്ണമായി സംഘടിപ്പിക്കുന്നത് യുക്തിവാദ പഠനകേന്ദ്രമാണെന്ന് ഓര്‍ക്കുക.
സംവാദത്തിന് വേണ്ടി വളരെ സുതാര്യമായ ഒരു നിയമാവലി യുക്തിവാദ പഠനകേന്ദ്രം മുന്നോട്ടു വയ്ക്കുകയും അതില്‍ സാക്ഷി ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറായി സംവാദം മുന്നോട്ടുകൊണ്ടു പോകുവാനാണ് യുക്തിവാദ പഠനകേന്ദ്രം ശ്രമിച്ചിരുന്നത്. എന്നാല്‍ വീണ്ടും അനാവശ്യ കത്തുകള്‍ എഴുതി സമയം നീട്ടി കൊണ്ടുപോവുകയും ഞങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയുമാണ് സാക്ഷി ചെയ്തുകൊണ്ടിരിക്കുന്നത്. സംവാദം നടത്തുവാന്‍ ഒരുക്കമാണെന്നുള്ള പുകമറ സൃഷ്ടിച്ചുകൊണ്ട് സംവാദം നീട്ടി കൊണ്ടുപോകാനോ, സംവാദത്തില്‍ നിന്നും ഒഴിഞ്ഞു മാറാനോ ആണ് സാക്ഷി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് യുക്തിവാദ പഠനകേന്ദ്രത്തിന് ബോധ്യപ്പെടുന്നു. അതിനാല്‍ ഇതുവരെയും വ്യക്തമായ നിലപാടുകള്‍ എടുക്കാന്‍ കഴിയാത്ത സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കുമായി ഒരു സംവാദം സംഘടിപ്പിക്കുന്നതിന് ഇനിയും പ്രസക്തിയില്ലെന്ന് യുക്തിവാദ പഠനകേന്ദ്രം മനസ്സിലാക്കുന്നു.

അതുകൊണ്ട് ചാര്‍വ്വാകം 2017 എന്ന പരിപാടിയില്‍ സാക്ഷിയുമായുള്ള സംവാദ സെഷന് പകരം മറ്റു പരിപാടികളുമായി ഞങ്ങള്‍ മുന്നോട്ടു പോകുന്നു എന്ന് അറിയിക്കുന്നു.
എന്ന്,
യുക്തിവാദ പഠനകേന്ദ്രത്തിന് വേണ്ടി
ബാബു ജി.എസ്.

ഇതിനോടുള്ള സാക്ഷിയുടെ പ്രതികരണം:

Finny Varghese finnytvarghese@gmail.com Apr 26
to Babu, koshyip, bcc: Anil, bcc: Eldo
Dear Sirs,
Kindly find attachment.
5th letter.

To,
ശ്രീ. ബാബു ജി.എസ്.
യുക്തിവാദ പഠനകേന്ദ്രം.

ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകല ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകസത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ നിസ്തുല്യനാമത്തില്‍ സ്നേഹവന്ദനങ്ങള്‍.

സര്‍,

ഏപ്രില്‍ 22-ന് ഞങ്ങള്‍ അയച്ച കത്തിനുള്ള യുക്തിവാദപഠനകേന്ദ്രത്തിന്‍റെ മറുപടി താങ്കള്‍ എനിക്ക് അയച്ചു എന്ന് പറഞ്ഞെങ്കിലും അത് ലഭിക്കുകയുണ്ടായില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും ആദ്യം നിങ്ങളുമായി സംസാരിച്ചിരുന്ന ശ്രീ.കോശി സാര്‍ തനിക്ക് ലഭിച്ച മെയില്‍ എനിക്ക് ഫോര്‍വേഡ് ചെയ്ത് തരികയുണ്ടായി. അതില്‍, സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും യുക്തിവാദ പഠനകേന്ദ്രം പിന്മാറുന്നതായി അറിയിച്ചിട്ടുണ്ട്. സംവാദത്തില്‍ നിന്നും പിന്മാറുന്നതും പിന്മാറാത്തതും നിങ്ങളുടെ ഇഷ്ടമാണ്. എന്നാല്‍ അതിനു നിങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ വെറും പരിഹാസ്യമായതാണ് എന്ന് ആദ്യമേ ഓര്‍മ്മിപ്പിക്കട്ടെ.

നിങ്ങളുടെ കത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണല്ലോ:

“സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം? എന്ന വിഷയമാണ് നിങ്ങള്‍ നിര്‍ദ്ദേശിച്ചതും ഞങ്ങള്‍ അംഗീകരിച്ചതും. എന്നാല്‍ ഇപ്പോള്‍ പുതിയ കത്തില്‍ പലഭാഗത്തും വിഷയം സൃഷ്ടിവാദവും പരിണാമവാദവും എന്ന് വ്യത്യാസപ്പെടുത്തിയിരിക്കുന്നു. തന്നെയുമല്ല ഒരാള്‍ ഒരു വിഷയത്തില്‍ മാത്രം സംസാരിക്കണമെന്ന നിങ്ങളുടെ വാദം വളരെ രസകരമായി ഞങ്ങള്‍ക്ക് തോന്നുന്നു. കാരണം ശ്രീ. ജെയിംസ് വര്‍ഗ്ഗീസ് സൃഷ്ടിവാദം മാത്രം സംസാരിക്കണമെന്നും ശ്രീ. രവിചന്ദ്രന്‍ പരിണാമത്തെക്കുറിച്ച് മാത്രം സംസാരിക്കണമെന്നും നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഒരുപക്ഷേ ചില മത സംഘടനകളോട് മാത്രം സംവാദം നടത്തി ശീലമുള്ളതുകൊണ്ടാവാം സാക്ഷി ഇങ്ങനെ ആവശ്യപ്പെടുന്നത്.
സംവാദത്തിന്‍റെ ചിലവുകള്‍ തുല്യമായി ഷെയര്‍ ചെയ്യണമെന്ന് യുക്തിവാദ പഠന കേന്ദ്രം ഒരു കത്തിലും സാക്ഷിയോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇത്തരം ഡിമാന്‍റുകള്‍ സാക്ഷി മുന്നോട്ടു വെക്കേണ്ടതില്ല. ചാര്‍വ്വാകം 2017 പൂര്‍ണ്ണമായി സംഘടിപ്പിക്കുന്നത് യുക്തിവാദ പഠനകേന്ദ്രമാണെന്ന് ഓര്‍ക്കുക.
സംവാദത്തിനു വേണ്ടി വളരെ സുതാര്യമായ ഒരു നിയമാവലി യുക്തിവാദ പഠനകേന്ദ്രം മുന്നോട്ടു വയ്ക്കുകയും അതില്‍ സാക്ഷി ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറായി സംവാദം മുന്നോട്ടു കൊണ്ടു പോകുവാനാണ് യുക്തിവാദ പഠനകേന്ദ്രം ശ്രമിച്ചിരുന്നത്. എന്നാല്‍ വീണ്ടും അനാവശ്യ കത്തുകള്‍ എഴുതി സമയം നീട്ടിക്കൊണ്ടുപോവുകയും ഞങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയുമാണ് സാക്ഷി ചെയ്തു കൊണ്ടിരിക്കുന്നത്. സംവാദം നടത്തുവാന്‍ ഒരുക്കമാണെന്നുള്ള പുകമറ സൃഷ്ടിച്ചുകൊണ്ട് സംവാദം നീട്ടിക്കൊണ്ടുപോകാനോ, സംവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറാനോ ആണ് സാക്ഷി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് യുക്തിവാദപഠനകേന്ദ്രത്തിന് ബോധ്യപ്പെടുന്നു. അതിനാല്‍ ഇതുവരെയും വ്യക്തമായ നിലപാടുകള്‍ എടുക്കാന്‍ കഴിയാത്ത സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കുമായി ഒരു സംവാദം സംഘടിപ്പിക്കുന്നതിന് ഇനിയും പ്രസക്തിയില്ലെന്ന് യുക്തിവാദ പഠന കേന്ദ്രം മനസ്സിലാക്കുന്നു.
അതുകൊണ്ട് ചാര്‍വ്വാകം 2017 എന്ന പരിപാടിയില്‍ സാക്ഷിയുമായുള്ള സംവാദ സെഷന് പകരം മറ്റു പരിപാടികളുമായി ഞങ്ങള്‍ മുന്നോട്ടു പോകുന്നു എന്നറിയിക്കുന്നു.”

സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിങ്ങള്‍ പറഞ്ഞ ഈ കാരണങ്ങളെ ഒന്ന് വിശകലനം ചെയ്ത് മറുപടി പറയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

1. “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം?” എന്ന തലക്കെട്ടില്‍ നിന്നും ഞങ്ങള്‍ പുറകോട്ടു പോയി എന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. നിങ്ങളുടെ മൂന്നാം കത്തില്‍ ഉണ്ടായിരുന്നത് ഇങ്ങനെയാണ്:
“അതുകൊണ്ട് സംവാദത്തിന് സാക്ഷി മുന്നോട്ടു വെച്ചിട്ടുള്ള സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം? എന്ന വിഷയം ഞങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അറിയിക്കുന്നു.

1. നിങ്ങള്‍ നിര്‍ദ്ദേശിച്ച സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം? എന്ന വിഷയം സംവാദ വിഷയമായി ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു.”

ഇതിനു മറുപടിയായി ഞങ്ങള്‍ സംവാദ കരാറിന്‍റെ കോപ്പി വെച്ചിരുന്നു. അതില്‍ ഞങ്ങള്‍ സംവാദത്തിന്‍റെ വിഷയം എന്താണെന്ന് വളരെ കൃത്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു:
“യുക്തിവാദ പഠനകേന്ദ്രം, എറണാകുളവും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ, കേരള ഘടകം, എറണാകുളം ചാപ്റ്ററുമായി നടത്താന്‍ പോകുന്ന സംവാദത്തിന്‍റെ കരാര്‍ പത്രം:
I സംവാദ വിഷയം: സൃഷ്ടിവാദമോ പരിണാമസിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?”
ഒന്ന് ശ്രദ്ധിച്ചു വായിച്ചു നോക്കണം. കരാറില്‍ എഴുതിയിരിക്കുന്ന വിഷയം “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം?” എന്നത് തന്നെയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്ന്!

സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി നിങ്ങളെന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം ഞങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നത്? ഈ എഴുത്തുകുത്തുകള്‍ ഒന്നുമല്ല, നമ്മള്‍ ഇരുകൂട്ടരും ചേര്‍ന്ന് ഒപ്പ് വെക്കുന്ന കരാര്‍ ആണ് ആത്യന്തികമായി സംവാദത്തിന്‍റെ കാര്യത്തില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ആ കരാറില്‍ ഞങ്ങള്‍ വളരെ വ്യക്തമായി സംവാദ വിഷയം “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം?” എന്ന് എഴുതിയിരിക്കെ പുതിയ കത്തില്‍ പലഭാഗത്തും വിഷയം സൃഷ്ടിവാദവും പരിണാമവാദവും എന്ന് വ്യത്യാസപ്പെടുത്തിയിരിക്കുന്നു എന്ന് പറയുന്നതില്‍ എന്ത് കഥയാണ് ഉള്ളത്? സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിയണം എന്നുണ്ടെങ്കില്‍ ഇതിനേക്കാള്‍ യുക്തിക്ക് നിരക്കുന്ന കാരണം പറയുക.

2. ഒരാള്‍ ഒരു വിഷയത്തില്‍ മാത്രം സംസാരിക്കണം എന്ന് ഞങ്ങള്‍ വാദിച്ചെന്ന ആരോപണവും അടിസ്ഥാനരഹിതമാണ് എന്നറിയിക്കുന്നു. ഞങ്ങളുടെ കത്തില്‍ എവിടെയാണ് ഞങ്ങള്‍ അങ്ങനെയൊരു വാദം മുന്നോട്ടു വെച്ചത്? സാക്ഷി ഒരു ന്യായവാദ സംഘടനയാണ്. ഭാരതത്തില്‍ പല സംസ്ഥാനത്ത് പല ഭാഷകളില്‍ ഞങ്ങള്‍ സംവാദം നടത്തിയിട്ടുണ്ട്. സംവാദങ്ങളില്‍ പ്രതിപക്ഷത്തുള്ള സംവാദകന്‍ എന്താണ് പറയേണ്ടത് എന്ന് ഞങ്ങള്‍ ഇന്നുവരെ യാതൊരു നിര്‍ദ്ദേശവും വെച്ചിട്ടില്ല. ആകാശത്തിന്‌ കീഴിലോ മുകളിലോ ഉള്ള എന്ത് കാര്യം വേണമെങ്കിലും എതിര്‍ സംവാദകന് പറയാം. ഞങ്ങള്‍ അതിന് ഒരിക്കലും തടസ്സം നില്‍ക്കില്ല. പക്ഷേ സാക്ഷിയുടെ സംവാദകന്‍ മറുപടി നല്‍കുന്നത് സംവാദകരാറില്‍ എഴുതിയിരിക്കുന്ന സംവാദവിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ക്ക് മാത്രമായിരിക്കും. ബാക്കിയുള്ളതൊന്നും സംവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല എന്ന് പറഞ്ഞ് തള്ളിക്കളയും, അത്രമാത്രം. അങ്ങനെയിരിക്കെ ഞങ്ങള്‍ എവിടെയാണ് പറഞ്ഞത്, ഒരാള്‍ ഒരു വിഷയത്തില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്ന്?
ഇനിയിപ്പോ, ഞങ്ങള്‍ അയച്ച കരാര്‍ പത്രത്തില്‍

V സംവാദകര്‍:
a) സൃഷ്ടിവാദം: ശ്രീ.ജെയിംസ് വര്‍ഗ്ഗീസ്
b) പരിണാമവാദം: ശ്രീ. സി.രവിചന്ദ്രന്‍
എന്നെഴുതിയിരുന്നത് കൊണ്ടാണ് നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെങ്കില്‍, യുക്തിവാദപഠനകേന്ദ്രത്തിനെ ഞങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയായത്തില്‍ മാപ്പ് ചോദിക്കുന്നു. സംവാദമെന്നാല്‍ സംവാദകന്‍ ഏകപക്ഷീയമായി തന്‍റെ വിഷയം മാത്രം പറയുന്നതല്ലെന്നും എതിര്‍പക്ഷത്തിന്‍റെ വാദമുഖങ്ങളെ ആക്രമിക്കുന്നയാള്‍ കൂടിയാണെന്നും അറിവുള്ള ഒരാളെങ്കിലും യുക്തിവാദ പഠനകേന്ദ്രത്തില്‍ കാണുമെന്നു ഞങ്ങള്‍ തെറ്റിദ്ധരിച്ചു പോയി. അതുകൊണ്ട് ആ തെറ്റിദ്ധാരണയ്ക്ക് മാപ്പ് ചോദിക്കുന്നു.

സംവാദം എന്താണെന്ന് അറിയുന്നവരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ എഴുതിയത് സുവ്യക്തമാണ്. സൃഷ്ടിവാദത്തെ/സൃഷ്ടിവാദികളെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ. ജെയിംസ് വര്‍ഗ്ഗീസ് സംസാരിക്കും. അദ്ദേഹം സൃഷ്ടിവാദം ശരിയാണെന്നും പരിണാമവാദം തെറ്റാണെന്നും സ്ഥാപിക്കും. അതുപോലെ പരിണാമവാദത്തെ/പരിണാമവാദികളെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ. സി.രവിചന്ദ്രന്‍ സംസാരിക്കും. അദ്ദേഹം പരിണാമവാദം ശരിയാണെന്നും സൃഷ്ടിവാദം തെറ്റാണെന്നും സ്ഥാപിക്കും. സംവാദത്തെക്കുറിച്ചുള്ള പ്രാഥമിക അറിവെങ്കിലും ലഭിച്ച ഒരാള്‍ക്ക് ഞങ്ങള്‍ എഴുതിയത് വായിച്ചാല്‍ മനസ്സിലാകുന്നത് ഇതാണ്. നിങ്ങള്‍ക്കും അത് മനസ്സിലായിക്കാണും എന്ന് തന്നെയാണ് ഞങ്ങള്‍ വിചാരിക്കുന്നത്. സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി പറഞ്ഞ ഒരു തൊടുന്യായമായേ ഈ വാദത്തിനെ ഞങ്ങള്‍ കാണുന്നുള്ളൂ. ഇനി വേറെ ഒരു തൊടുന്യായം കൂടി നിങ്ങള്‍ പറയാന്‍ സാധ്യതയുള്ളത് കൊണ്ട് ഞങ്ങള്‍ ആ ഭാഗം ഭേദഗതി വരുത്തി അവതരിപ്പിക്കുന്നു:

V സംവാദകര്‍:
a) സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക്, ഇന്ത്യയെ പ്രതിനിധീകരിച്ച്: ശ്രീ.ജെയിംസ് വര്‍ഗ്ഗീസ്
b) യുക്തിവാദ പഠനകേന്ദ്രം, എറണാകുളത്തിനെ പ്രതിനിധീകരിച്ച്: ശ്രീ. സി.രവിചന്ദ്രന്‍

ഇനി ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് പരാതി കാണില്ല എന്ന് വിശ്വസിക്കുന്നു.

3. സംവാദത്തിന്‍റെ ചിലവുകള്‍ ഇരുകൂട്ടരും തുല്യമായി വഹിക്കണം എന്ന നിര്‍ദ്ദേശം സാക്ഷി മുന്നോട്ടു വെക്കാനിടയായ കാരണം എന്താണെന്ന് വിശദീകരിക്കാം. ‘ചാര്‍വ്വാകം 2017 എന്ന യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ പരിപാടിയുടെ ചാര്‍ജ്ജ് ഒരാള്‍ക്ക് നൂറ് രൂപയാണ്, സംവാദം കാണാന്‍ വരുന്ന സാക്ഷിയുടെ ആള്‍ക്കാരുടെ കാര്യം പിന്നീട് പറയാം’ എന്ന് ഞങ്ങളോട് ഫോണില്‍ അറിയിച്ചിരുന്നല്ലോ. സാക്ഷി വര്‍ഷങ്ങളായി ഇന്ത്യയില്‍ പലയിടങ്ങളിലും സംവാദം സംഘടിപ്പിക്കുന്നുണ്ട്. ഇന്നുവരെ ഞങ്ങളുടെ ഒറ്റ പ്രോഗ്രാമിനും ഞങ്ങള്‍ കാണികളില്‍ നിന്നും കാശ് ഈടാക്കിയിട്ടില്ല. വരുന്ന ചിലവുകള്‍ എല്ലാം ഞങ്ങള്‍ തന്നെ കൈയില്‍ നിന്നും എടുക്കുകയാണ് പതിവ്. കേരളത്തിലെ സാക്ഷിയുടെ പ്രോഗ്രാമുകള്‍ക്ക് സ്ഥിരമായി വരുന്ന കുറെയേറെപ്പേര്‍ ഉണ്ട്. തിരിച്ചു പോകാനുള്ള വണ്ടിക്കൂലി മാത്രം കൈയില്‍ കരുതി വരുന്നവരും അതിലുണ്ട്. പ്രോഗ്രാമിന് വന്നു കഴിഞ്ഞതിനു ശേഷം പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു എന്ന് കണ്ടാല്‍ അവര്‍ പ്രോഗ്രാമിന് കേറാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വരും. അതൊഴിവാക്കാന്‍ വേണ്ടിയാണ് മൊത്തം ചിലവിന്‍റെ പകുതി ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് പറഞ്ഞത്. എന്നാല്‍, സംവാദത്തിന് എല്ലാവര്‍ക്കും പ്രവേശനം സൗജന്യമാണ് എന്ന് നിങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് ഞങ്ങള്‍ക്ക് പ്രശ്നമില്ല.

കൂടാതെ മുന്‍പുണ്ടായ ഒരു ദുരനുഭവവും ഇങ്ങനെയൊരു നിര്‍ദ്ദേശം വെക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഹൈദ്രാബാദിലെ ഒരു ദാവാഗ്രൂപ്പുമായി ഞങ്ങള്‍ സംവാദ കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് സംവാദത്തിന്‍റെ ചിലവ് പൂര്‍ണ്ണമായും അവര്‍ വഹിക്കമെന്നും ഞങ്ങള്‍ അവിടെ ചെന്ന് ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രം മതിയെന്നുമാണ്. ഞങ്ങളത് സമ്മതിക്കുകയും ചെയ്തു. സംവാദത്തിന് ഞങ്ങള്‍ ചെന്നപ്പോള്‍ സ്റ്റേജില്‍ ആകെ ഒരു പോഡിയം മാത്രമേയുള്ളൂ. അത് സ്റ്റേജില്‍ ദാവാക്കാര്‍ ഇരിക്കുന്ന ഭാഗത്താണ് ഇട്ടിരിക്കുന്നത്. ‘പോഡിയം സ്റ്റേജിന്‍റെ മധ്യഭാഗത്തേക്ക് നീക്കിയിട്ടാല്‍ സൗകര്യപ്രദമായിരുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ വിഷയം അവതരിപ്പിക്കാന്‍ സ്റ്റേജിന്‍റെ അങ്ങേയറ്റം വരെ നടക്കേണ്ടി വരുമല്ലോ’ എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ‘പോഡിയം ഞങ്ങള്‍ വാടകക്കെടുത്തതാണ്. അത് നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല’ എന്നായിരുന്നു. മാത്രമല്ല, വീഡിയോ ക്യാമറ വെക്കാന്‍ പറ്റുന്ന പ്രധാനപ്പെട്ട പൊസിഷനുകളില്‍ എല്ലാം അവരുടെ ക്യാമറകള്‍ ആണ് ഇരിക്കുന്നത്. ‘ഓഡിറ്റോറിയത്തിന്‍റെ വാടക ഞങ്ങളാണ് കൊടുക്കുന്നത്, അതുകൊണ്ട് ഞങ്ങള്‍ക്കിഷ്ടമുള്ള ഇടത്ത് ഞങ്ങള്‍ ക്യാമറ വെക്കും. ബാക്കി സ്ഥലം എവിടെയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ അവിടെ ക്യാമറ വെച്ചോ’ എന്നാണവര്‍ പറഞ്ഞത്. കൂടാതെ, ഞങ്ങളുടെ ക്യാമറകളുടെ മൈക്കുകള്‍ ആംപ്ലിഫയറുമായി കണക്റ്റ് ചെയ്യാനും അവര്‍ സമ്മതിച്ചില്ല. ‘സൗണ്ട് സിസ്റ്റം ഞങ്ങള്‍ വാടകയ്ക്ക് എടുത്തതാണ്, വേറെ ആളുകള്‍ അതുപയോഗിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല’ എന്ന ന്യായീകരണമാണ് അതിനവര്‍ പറഞ്ഞത്.
വര്‍ഷങ്ങളായി സംവാദരംഗത്തുള്ള ഞങ്ങളുടെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഒരിക്കല്‍ മാത്രമേ അത്തരം അനുഭവം ഞങ്ങള്‍ക്കുണ്ടായിട്ടുള്ളൂ. പിന്നെയൊരിക്കലും അതുപോലൊരു അനുഭവം ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതല്‍ ഞങ്ങള്‍ എപ്പോഴും എടുക്കാറുണ്ട്. അതുകൊണ്ടുതന്നെ, ചിലവിന്‍റെ പകുതി ഞങ്ങള്‍ വഹിക്കാം എന്ന് ഞങ്ങള്‍ കരാര്‍ പത്രത്തില്‍ എഴുതാറുണ്ട്. ‘അതിന്‍റെ ആവശ്യമില്ല, മൊത്തം ചിലവും ഞങ്ങള്‍ തന്നെ വഹിച്ചുകൊള്ളാം’ എന്ന് പറയുന്നവരോട് ‘പോഡിയം ഉപയോഗിക്കുന്നതിലും വീഡിയോ ക്യാമറകള്‍ വെക്കാനുള്ള സ്ഥലത്തിന്‍റെ കാര്യത്തിലും വീഡിയോ ക്യാമറയിലേക്ക് മൈക്ക് കണക്ഷന്‍ കൊടുക്കുന്ന കാര്യത്തിലും തുല്യഅവസരം നല്‍കണം’ എന്ന് പറയാറുണ്ട്‌. അത് തന്നെ ഇപ്പോള്‍ യുക്തിവാദ പഠനകേന്ദ്രത്തിനോടും ഞങ്ങള്‍ പറയുന്നു. അതിന് നിങ്ങള്‍ ഓ.കെ. ആണെങ്കില്‍ ചിലവ് പൂര്‍ണ്ണമായി യുക്തിവാദ പഠനകേന്ദ്രം വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല.

ഈ മൂന്ന് കാര്യങ്ങള്‍ക്കും മറുപടി തന്ന സ്ഥിതിക്ക് “സംവാദം നടത്തുവാന്‍ ഒരുക്കമാണെന്നുള്ള പുകമറ സൃഷ്ടിച്ചുകൊണ്ട് സംവാദം നീട്ടിക്കൊണ്ടുപോകാനോ, സംവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറാനോ ആണ് സാക്ഷി ശ്രമിച്ചുകൊണ്ടിരിക്കുന്നത്” എന്നുള്ള യുക്തിവാദ പഠനകേന്ദ്രത്തിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്നും സംവാദത്തിന് സാക്ഷി എപ്പോഴും തയ്യാറാണെന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ സംവാദക്കരാറിന്‍റെ കോപ്പി ഇതോടൊപ്പം വെക്കുന്നു. സംവാദത്തിന് ഞങ്ങള്‍ക്ക് പൂര്‍ണ്ണസമ്മതമാണ് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

യുക്തിവാദ പഠനകേന്ദ്രം, എറണാകുളവും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ, കേരള ഘടകം, എറണാകുളം ചാപ്റ്ററുമായി നടത്താന്‍ പോകുന്ന സംവാദത്തിന്‍റെ കരാര്‍ പത്രം:
I സംവാദ വിഷയം: സൃഷ്ടിവാദമോ പരിണാമസിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?
II സംവാദ വേദി: ടൌണ്‍ഹാള്‍, എറണാകുളം.
III സംവാദ തിയ്യതി: 21-5-2017
IV സംവാദ സമയം: 3pm – 6pm
V സംവാദകര്‍:
a) സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക്, ഇന്ത്യയെ പ്രതിനിധീകരിച്ച്: ശ്രീ.ജെയിംസ് വര്‍ഗ്ഗീസ്
b) യുക്തിവാദ പഠനകേന്ദ്രം, എറണാകുളത്തിനെ പ്രതിനിധീകരിച്ച്: ശ്രീ. സി.രവിചന്ദ്രന്‍
V മോഡറേറ്റര്‍: ……………. (ഇരുപക്ഷത്തിനും സമ്മതനായ ഒരു വ്യക്തി)
VI സംവാദത്തിന്‍റെ നടപടിക്രമം.
വിഷയാവതരണം: (30 മിനുട്ട് വീതം. അതില്‍ കുറഞ്ഞ സമയം കൊണ്ട് വിഷയാവതരണം പൂര്‍ത്തിയാക്കിയാല്‍ മിച്ചം വരുന്ന സമയം ഖണ്ഡന സെഷനില്‍ ഉപയോഗിക്കാവുന്നതാണ്)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

VII ഒന്നാം ഖണ്ഡനം: (10 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

VIII രണ്ടാം ഖണ്ഡനം: (10 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

IX മൂന്നാം ഖണ്ഡനം: (10 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

X ചോദ്യോത്തരവേള:
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍
(ഓരോരുത്തര്‍ക്കും 25 മിനുട്ട് വീതം ലഭിക്കും. ആദ്യത്തെ 15 മിനുട്ട് ഇരു കൂട്ടര്‍ക്കും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ശേഷം 10 മിനുട്ട് തങ്ങളുടെ വാദത്തെ ബലപ്പെടുത്താനും ഉപയോഗിക്കാം.)

XI ഉപസംഹാരം: (5 മിനുട്ട് വീതം)
A. ശ്രീ. ജെയിംസ് വര്‍ഗ്ഗീസ്
B. ശ്രീ. സി.രവിചന്ദ്രന്‍

ഈ കരാര്‍ പത്രത്തിനോട് നിങ്ങള്‍ക്ക് വിയോജിപ്പ്‌ ഒന്നും കാണുകയില്ല എന്ന് പ്രതീക്ഷിക്കുന്നു. എന്തെങ്കിലും വിയോജിപ്പ്‌ ഉണ്ടെങ്കില്‍ അറിയിക്കുക. ഇല്ല എന്നാണെങ്കില്‍ സൗകര്യപ്രദമായ ഏറ്റവും അടുത്ത സമയത്ത് തന്നെ നമുക്ക് കരാര്‍ ഒപ്പിടാവുന്നതാണ്.
എന്ന്,
സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി,
ഫിന്നി റ്റി. വര്‍ഗ്ഗീസ്, 9895557277

(ഈ കത്തിന് ഒരു മറുപടിയും യുക്തിവാദ പഠന കേന്ദ്രത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായില്ല. ഒരാഴ്ച ഞങ്ങള്‍ കാത്തിരുന്നു. ഒരു പ്രതികരണവും യുക്തിവാദ പഠന കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്ന് കണ്ടപ്പോള്‍ എട്ടാം ദിവസം സാക്ഷി ഒരു മെയില്‍ കൂടി യുക്തിവാദ പഠനകേന്ദ്രത്തിനയച്ചു. അത് താഴെ കൊടുക്കുന്നു):

Finny Varghese finnytvarghese@gmail.com May 4
to Babu
To,
ശ്രീ. ബാബു ജി.എസ്.
യുക്തിവാദ പഠനകേന്ദ്രം.

ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകല ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏക സത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ നിസ്തുല്യ നാമത്തില്‍ സ്നേഹവന്ദനങ്ങള്‍.

സര്‍,

“സൃഷ്ടിവാദമോ പരിണാമസിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?” എന്ന വിഷയത്തില്‍ സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് ഇന്ത്യയുമായി സംവാദം നടത്താന്‍ തയ്യാറാണെന്ന് ചില കത്തിടപാടുകള്‍ക്ക് ശേഷം നിങ്ങള്‍ അറിയിച്ചത് കൊണ്ട് സംവാദ കരാറിന്‍റെ രൂപ രേഖ അടങ്ങിയ ഒരു കത്ത് ഞങ്ങള്‍ നിങ്ങള്‍ക്കയക്കുകയുണ്ടായി. അതിലെ ഒന്ന് രണ്ട് വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള വിയോജിപ്പ്‌ നിങ്ങള്‍ ചൂണ്ടിക്കാട്ടിയതിനാല്‍, നിങ്ങള്‍ പറഞ്ഞ വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പുതിയ സംവാദക്കരാറിന്‍റെ രൂപരേഖയടങ്ങിയ കത്ത് ഞങ്ങള്‍ നിങ്ങള്‍ക്കയച്ചിട്ടു ഇന്നേക്ക് (4-5-2017) ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ഇതുവരെ നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായില്ല. മുന്‍ നിശ്ചയിച്ച തിയ്യതിയില്‍ സംവാദം നടത്തുന്നതിന് എന്തെങ്കിലും രീതിയിലുള്ള തടസ്സം യുക്തിവാദ പഠനകേന്ദ്രത്തിനുണ്ടോ? ഉണ്ടെങ്കില്‍ ആയത് അറിയിച്ചാല്‍ നമുക്കിരുകൂട്ടര്‍ക്കും സൗകര്യപ്രദമായ മറ്റൊരു തിയ്യതി നിശ്ചയിച്ച് ആ ദിവസം സംവാദം നടത്താവുന്നതാണ്. അതല്ല, നിശ്ചയിച്ച തിയ്യതിയില്‍ത്തന്നെ സംവാദം നടത്താന്‍ യുക്തിവാദ പഠന കേന്ദ്രത്തിന് തടസ്സങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ അക്കാര്യം ഞങ്ങളെ അറിയിക്കുമല്ലോ.

ഈ കത്ത് ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ യുക്തിവാദ പഠന കേന്ദ്രത്തില്‍ നിന്നും ഒരു മറുപടി ലഭിച്ചില്ലെങ്കില്‍ സാക്ഷിയുമായുള്ള സംവാദത്തിന് താല്‍പര്യമില്ലാതെ നിങ്ങള്‍ സംവാദത്തില്‍ നിന്നും ഒഴിഞ്ഞതായി ഞങ്ങള്‍ കണക്കാക്കുന്നതാണ്.

NB: ഞങ്ങള്‍ അയച്ചിരിക്കുന്ന സംവാദ കരാറും സംവാദത്തിന്‍റെ ഫോര്‍മാറ്റും ഇപ്പോള്‍ നമ്മള്‍ നിശ്ചയിച്ചിരിക്കുന്ന സംവാദത്തിന് മാത്രം ബാധകമായതാണ്. ഈ സംവാദത്തില്‍ നിന്നും യുക്തിവാദ പഠന കേന്ദ്രമോ ശ്രീ. സി. രവിചന്ദ്രനോ ഇപ്പോള്‍ ഒഴിഞ്ഞതിനു ശേഷം ഭാവിയില്‍ സാക്ഷിയുമായൊരു സംവാദത്തിന് താല്‍പര്യമുണ്ട് എന്ന് പറഞ്ഞു വരികയാണെങ്കില്‍, അന്ന് വേറൊരു ഫോര്‍മാറ്റിലും വേറൊരു കരാറിലുമായിരിക്കും സംവാദം നടക്കുക എന്നറിയിക്കുന്നു.
എന്ന്,
സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി,
ഫിന്നി റ്റി. വര്‍ഗ്ഗീസ്, 9895557277

(ഈ അവസാനത്തെ കത്തിനും യാതൊരു മറുപടിയും യുക്തിവാദ പഠനകേന്ദ്രം ഞങ്ങള്‍ക്ക് നല്‍കുകയുണ്ടായില്ല. ഈ പരിതസ്ഥിതിയില്‍ സംവാദത്തില്‍ നിന്നും ഒഴിഞ്ഞത് ആരാണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യമാകുവാന്‍ വേണ്ടി ഞങ്ങള്‍ തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ മുഴുവന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്.)